scorecardresearch
Latest News

വിഴിഞ്ഞം സമരം പിന്‍വലിച്ചു; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായം

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നും തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

vizhinjam protest, pinarayi vijayan, ie malayalam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ താത്കാലിക സമവായം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ധാരണയായതായി സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര അറിയിച്ചു. തത്കാലത്തേക്ക് സമരം അവസാനിപ്പിക്കുകയാണെന്നും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണമായ തൃപ്തിയില്ലെന്നും സമരസമിതി പറഞ്ഞു. ചീഫ് സെക്രട്ടറിയും മന്ത്രിസഭാ ഉപസമിതിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമരക്കാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍ നിന്ന് 8000 രൂപയാക്കണം, തീരശോഷണ പഠനസമിതിയില്‍ നിര്‍ദേശിക്കുന്ന വിദഗ്ധര്‍ വേണം, സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായും ഉന്നയിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ വിട്ടുവീഴ്ച നിലപാട് സ്വീകരിച്ച സമരസമിതി വീട് നഷ്ടമായവര്‍ക്ക് 55000 രൂപ സര്‍ക്കാര്‍ പൂര്‍ണമായും നല്‍കണമെന്നും അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് 2500 രൂപ നല്‍കാമെന്ന വാഗ്ദാനം വേണ്ടെന്നും നിലപാടെടുത്തു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായും ഫാ. യൂജിന്‍ പെരേര പറഞ്ഞു.

മത്സ്യതൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനാവാത്ത ദിവസം നഷ്ടപരിഹാരം നല്‍കുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണീറ്ററിങ് കമ്മിറ്റി, തീരശോഷണത്തില്‍ വിദഗ്ധ സമിതിയുടെ സമരസമിതിയുമായുള്ള ചര്‍ച്ച, തീരശോഷണം സംബന്ധിച്ച് കൂടുതല്‍ പഠനം തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ചയില്‍ ധാരണയായതായി സമരസമിതി അറിയിച്ചു. പഠനസമിതിയില്‍ പ്രാദേശിക പ്രതിനിധി വേണമെന്ന സമരസമിതിയുടെ ആവശ്യത്തില്‍ തീരുമാനമായില്ല. ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തീരുമാനമായില്ലെന്നും ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും സമരത്തിന്റെ ഒരു ഘട്ടം അവസാനിച്ചുവെന്നുമാണ് സമരസമതിയുടെ പ്രതികരണം. അതേസമയം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നും തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായും സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. തീരശോഷണവും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങള്‍ ബോധ്യപ്പെടുകയും ചെയ്താല്‍ സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vizhinjam strike called off