തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചു പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.
സമരക്കാര്‍ പൊലീസ് വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്തു. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.ലാത്തി വീശി, തുടര്‍ന്നുണ്ടായ കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐ ഉള്‍പ്പെടെയുള്ളവരെ സമരക്കാര്‍ തടഞ്ഞ് വെച്ചതായും മനോരമ ന്യൂസ് റിപോര്‍ട്ട് ചെയ്തു.
വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവരാണ് പൊലീസ് സ്റ്റേഷന് ഉപരോധിച്ചത്. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. സമരാനുകൂലികള്‍ രണ്ടു പൊലീസ് ജീപ്പുകള്‍ മറിച്ചിട്ടു. പൊലീസ് വാന്‍ തടയുകയും ചെയ്തു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പൊലീസിനെ എത്തിച്ചിരുന്നു.
ശനിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പൊലീസ് പത്തോളം കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്‍പതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോയെ പൊലീസ്സ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികര്‍ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.