തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിക്കാനുള്ള സമവായ നീക്കങ്ങള്‍ ഇന്നും തുടരും. പ്രശ്നപരിഹാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ സമരസമിതി ഇന്ന് നിലപാട് അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയിലും മറ്റ് നീക്കങ്ങളിലും ഉണ്ടായ തീരുമാനങ്ങളിലാണ് സമരസമിതി നിലപാട് അറിയിക്കുക.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്. തീരശോഷണം പഠിക്കാനുള്ള പ്രത്യേകസമിതിയില്‍ പ്രദേശിക വിദഗ്ദരേയും ഉള്‍പ്പെടുത്തണം, നിലവില്‍ നല്‍കുന്ന വാടക തുക വര്‍ധിപ്പിക്കണം, അധികമായി നല്‍കുന്ന തുക അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കണം എന്നിവയാണത്.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പരിഹാര മാര്‍ഗങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. പ്രാദേശിക വിദഗ്ദരുടെ അഭിപ്രായവും പരിഗണിച്ച് റിപ്പോര്‍ട്ട് തയാറാക്കാം, ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി മോണിറ്ററിങ് സമിതിയെ വയ്ക്കാം, ഇതില്‍ സമരസമിതി പ്രതിനിധിയേയും ഉള്‍പ്പെടുത്താമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിച്ചാല്‍ മാത്രമായിരിക്കും ചര്‍ച്ചയ്ക്ക് സമരസമിതി തയാറാകുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. വൈകിട്ടാണ് മന്ത്രിസഭാ ഉപസമിതിയും സമരക്കാരും തമ്മിലുള്ള ചര്‍ച്ച നടക്കാൻ സാധ്യത. ചര്‍ച്ച വിജയിച്ചാല്‍ സമരക്കാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെയായിരുന്നു സമവായ നീക്കങ്ങള്‍ ഊര്‍ജിതമായത്. നിയമസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഇതിന് പുറമെ മന്ത്രി ആന്റണി രാജു മാര്‍ ക്ലിമിസ് കത്തോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കത്തോലിക്ക ബാവയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു.
അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ സമവായം വേണമെന്ന് തിരുവനന്തപുരം എംപി ശശി തരൂരും ആവശ്യപ്പെട്ടു. “സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. പ്രളയ സമയത്ത് രക്ഷകരായവര്‍ക്ക് എന്ത് തിരികെ നല്‍കിയെന്നത് ചിന്തിക്കണം. അവര്‍ വികസന വിരുദ്ധരല്ല,” ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.