തിരുവനന്തപുരം: തുറമുഖ വിരുദ്ധ സമരത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍. സമരം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തമ്മില്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ നാളെ വൈകീട്ട് അഞ്ചിന് സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്താന്‍ തീരുമാനമായി.
വീട് നഷ്ടമായവര്‍ക്ക് മാസവാടക 5500 രൂപയില്‍ നിന്ന് 8000 രൂപയാക്കണം, തീരശോഷണ പഠനസമിതിയില്‍ സമരക്കാര്‍ നിര്‍ദേശിക്കുന്ന വിദഗ്ധരും വേണം, സംഘര്‍ഷ കേസുകള്‍ പിന്‍വലിക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് സമരസമിതി പ്രധാനമായും ഉന്നയിക്കുന്നത്.
മന്ത്രി ആന്റണി രാജു മാര്‍ ക്ലിമിസ് കത്തോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ സമവായം വേണമെന്ന് തിരുവനന്തപുരം എംപി ശശി തരൂരും ആവശ്യപ്പെട്ടിരുന്നു. “സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. പ്രളയ സമയത്ത് രക്ഷകരായവര്‍ത്ത് എന്ത് തിരികെ നല്‍കി എന്നത് ചിന്തിക്കണം. അവര്‍ വികസന വിരുദ്ധരല്ല,” ശശി തരൂര്‍ കൊച്ചിയില്‍ പറഞ്ഞു.
വിഴിഞ്ഞത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉച്ചയ്ക്ക് പദ്ധതി പ്രദേശം സന്ദര്‍ശിക്കും. സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും സന്ദർശിക്കും സംഘർഷത്തിൽ പരുക്കേറ്റ പോലീസുകാരെയും സന്ദർശിക്കും.
വിഴിഞ്ഞം സമരത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം വൈകിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ലത്തീൻ അതിരൂപതാ നേതൃത്വം ചീഫ് സെക്രട്ടറി വി പിജോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു ഇത്.
വിഴിഞ്ഞത്ത് ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത ഇന്നലെ വ്യക്തമാക്കിയിരുന്നു. സമരവുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ വിശദീകരിച്ച് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറഞ്ഞത്. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും ചർച്ചയ്ക്കും സർക്കാർ മുൻകൈ എടുക്കണമെന്നും സര്‍ക്കലുറില്‍ നിര്‍ദേശമുണ്ടായിരുന്നു.