തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക സംഘം. എസ്പി, ഡിവൈഎസ്പി, സിഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം റേഞ്ച് ഐജി ആര്.നിശാന്തിനിക്കാണ് ക്രമസമാധാന ചുമതല. സംഘര്‍ഷം നിയന്ത്രിക്കലും കേസുകളുടെ നിയന്ത്രണവുമാണ് ചുമതലകള്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്.
തുറമുഖവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് ആക്രമിച്ച സംഭവത്തില്‍ 3000 പേര്‍ക്കെതിരയാണ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെയാണ് എഫ്ഐആര്‍. കഴിഞ്ഞ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ താത്കാലത്തേക്ക് വേണ്ടെന്നാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.
അതേസമയം, തുറമുഖ സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കും. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും. മുല്ലൂരിലെ ഉപരോധ സമരപ്പന്തലില്‍ പൊതു സമ്മേളനവും ഉണ്ടാകും.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതല്‍ പൊലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിട്ടുണ്ട്. വിഴിഞ്ഞ് പരമാവധി സേനാംഗങ്ങളെ വിന്യസിച്ച് സമരക്കാരും പദ്ധതിയെ അനുകൂലിക്കുന്ന ജനകീയ സമരസമിതിയും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനും മുന്‍കരുതലെടുത്തിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്സ്പെര്‍ട്ട് സമ്മിറ്റ് പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വിഴിഞ്ഞം സീ പോര്‍ട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമരം സംഘര്‍ഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിനു പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവിലും പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറുകളില്‍ പങ്കെടുക്കും.