തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ആയിരം ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് സർക്കാർ. 1460 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു വിഴിഞ്ഞം കരാറിലുണ്ടായിരുന്നത്. പക്ഷേ 1000 ദിവസം കൊണ്ട് തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്‌ദാനം. ഇത് നടപ്പിലാകില്ലെന്നാണ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഇപ്പോൾ രേഖാമൂലം നിയമസഭയെ അറിയിച്ചത്.

ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യത കുറവും നിർമ്മാണത്തിന് തടസ്സമുണ്ടാക്കിയെന്നാണ് പദ്ധതി വൈകുന്നതിന് മന്ത്രി നൽകിയ വിശദീകരണം. തമിഴ്നാട്ടില്‍ നിന്നും പാറ കൊണ്ടുവരാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് കമ്പനിയുമാണ് വിഴിഞ്ഞ തുറമുഖത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഓഖി ചുഴലിക്കാറ്റ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയെന്ന് സിഇഒ രാജേഷ് ഝാ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് നാലുമാസമെങ്കിലുമെടുക്കും. പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് അതിനുശേഷമേ കൃത്യമായി പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം 25 ശതമാനം പൂര്‍ത്തിയായ സമയത്താണ് ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചത്. ഏഴുമീറ്റര്‍ വരെ ഉയര്‍ന്ന തിരയില്‍ പുലിമുട്ടിന്റെ പലഭാഗങ്ങളും ഒഴുകിപ്പോയി. ജെട്ടിക്കായി നിര്‍മിച്ച പ്ലാറ്റ് ഫോമുകള്‍ തകര്‍ന്നു. പൈലുകള്‍ പലതും നശിച്ചു. ഇവിടെ വീണ്ടും പൈലിങ് നടത്തേണ്ട സ്ഥിതിയാണെന്നും രാജേഷ് ഝാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.