തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. പദ്ധതിയില്‍നിന്നു പിന്നോട്ടില്ല. നടക്കുന്നത് സമരമല്ല, സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. രാജ്യദ്രോഹികളാണ് നിര്‍മ്മാണം തടയുന്നതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിനു താഴാവുന്നതിനു പരിധിയുണ്ട്. ഒരിഞ്ച് പിന്നോട്ടില്ല. രാജ്യസ്നേഹമുള്ള ആര്‍ക്കും വിഴിഞ്ഞം സമരം അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഇത് സമരമല്ല, മറ്റെന്തോ ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
പട്ടിണിയില്ലാതെ, സന്തോഷത്തോടെ കഴിയുന്ന ജനങ്ങളെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിന് അനുസൃതമായി പുതിയ സാമ്പത്തിക സ്രോതസുകള്‍ ഉണ്ടാകേണ്ടതുണ്ട്. സീ പോര്‍ട്ട് വരുമ്പോള്‍ സര്‍ക്കാരിന് വരുമാനമുണ്ടാകും. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ല. പദ്ധതിക്ക് തറക്കല്ലിട്ട് സദ്യയുമുണ്ടിട്ട് പോയവര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണ്. ഇപ്പോള്‍ ഇവര്‍ ഈ പദ്ധതി മാറ്റിവയ്ക്കണമെന്ന് പറയുന്നതിന് പിന്നില്‍ മറ്റു പലതുമാണ്. ഈ രാജ്യം അത് അനുവദിക്കാന്‍ പോകുന്നില്ല.
കോടതി പറഞ്ഞ പ്രകാരം ഒരു നിമിഷം കൊണ്ട് നടപ്പാക്കാന്‍ സര്‍ക്കാരിനറിയാം. എന്നാല്‍ സമരം നടത്തുന്നവരെ പറഞ്ഞു മനസിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യസ്നേഹമുള്ള ആര്‍ക്കും സമരം അംഗീകരിക്കാനാവില്ല. ഈ പദ്ധതിയുടെ പേരില്‍ ഒരു മത്സ്യത്തൊഴിലാളിയുടേയും കണ്ണീര് വീഴാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. ഇതില്‍ ആര്‍ക്കും സംശയം വേണ്ട. ഇതിലും വലിയ തടസ്സങ്ങള്‍ നീക്കിയിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി അബ്ദുറഹ്മാന് പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് പ്രതികരിച്ചു. അബ്ദുറഹ്മാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. പക്ഷെ തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് കണ്ടുവെന്നും തിയോഡോഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.