തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാറിൽ പറഞ്ഞിരിക്കുന്ന സമയത്ത് തീരില്ലെന്ന് അദാനി ഗ്രൂപ്പ്. ഓഖി ചുഴലിക്കാറ്റിൽ തുറമുഖ നിർമ്മാണത്തിനെത്തിച്ച ഡ്രെഡ്ജറുകൾ തകർന്നതാണ് പദ്ധതി വൈകാൻ കാരണമായി അദാനി ഗ്രൂപ്പ് പറയുന്നത്. പദ്ധതി പൂർത്തിയാക്കാൻ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കമ്പനി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

1460 ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുമെന്നാണ് സർക്കാരുമായി ഒപ്പുവച്ച കരാറിൽ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ 1000 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. ഇതു നടപ്പിലാകില്ലെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. കരാറിൽ പറഞ്ഞിരിക്കുന്ന സമയത്ത് പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കരാറിൽ പറഞ്ഞിരിക്കുന്ന സമയത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുളളത്.

ഓഖി മൂലം നിർമ്മാണത്തിനായി എത്തിച്ച ഡ്രെഡ്ജർ കേടായെന്നും ഇത് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും അദാനി ഗ്രൂപ്പ് നൽകിയ കത്തിൽ പറയുന്നു. ഓഖി മൂലം മറ്റ് തടസങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഇതും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കത്തിലുണ്ട്.

അതേസമയം, കമ്പനി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് നീക്കം. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഏജൻസി അന്വേഷിച്ച് സർക്കാരിന് നിർദേശം നൽകും. അതിനുശേഷമായിരിക്കും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

അതേസമയം, കരാറിൽ പറഞ്ഞിരിക്കുന്ന സമയത്തിനുളളിൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനി സർക്കാരിന് നഷ്ടപരിഹാരം നൽകണം. കരാർ കാലാവധി കഴിഞ്ഞുളള ഓരോ ദിവസവും 12 ലക്ഷത്തോളം രൂപ അദാനി കമ്പനി സർക്കാരിന് നഷ്ടപരിഹാരമായി നൽകണം. ഇത് ഒഴിവാക്കാനാണ് പദ്ധതി വൈകുന്നതിന് ഓഖി ദുരന്തത്തെ മറയാക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.