തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ തീരദേശവാസികളുടെ പ്രതിഷേധം ഏഴാം ദിവസവും ശക്തമായി തുടരുന്നു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളെപ്പോലും അവഗണിച്ച് കരയിലും കടലിലും ഓരേ സമയമാണ് പ്രതിഷേധം നടക്കുന്നത്. തുറമുഖനിര്‍മ്മാണ മേഖലയിലേക്ക് സമരക്കാര്‍ അതിക്രമിച്ച് കടന്നു.
കരയിലൂടെ എത്തിയ സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് നിര്‍മ്മാണമേഖലയിലേക്കുള്ള ഗേയ്റ്റിന്റെ പൂട്ട് പൊളിച്ചാണ് അകത്തേക്ക് കടന്നത്. ഇതേസമയം തന്നെ കടലിലൂടെയെത്തിയ മത്സ്യത്തൊഴിലാളികളും തുറമുഖത്തിലേക്ക് പ്രവേശിച്ചു. തുറമുഖനിര്‍മ്മാണ മേഖലയില്‍ പ്രതിഷേധം തുടരുകയാണ്.
പദ്ധതിയുടെ നിര്‍മ്മാണ പ്രദേശത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭാഗം വരെയും സമരക്കാര്‍ നിലവില്‍ വളഞ്ഞിരിക്കുകയാണ്. എന്നാല്‍ സമരക്കാര്‍ അതിക്രമിച്ച് പദ്ധതി പ്രദേശത്തിലേക്ക് കടന്നെങ്കിലും പൊലീസ് സംയമനം പാലിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി സമരക്കാരെ തടയാന്‍ പൊലും ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നില്ല.
പൂന്തുറ ഇടവകയുടെ നേതൃത്വത്തിലായിരുന്നു കടല്‍മാര്‍ഗം പ്രതിഷേധം. ചെറിയതുറ, സെന്റ് സെവ്യേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാർഗമുള്ള പ്രതിഷേധം. പ്രതിഷേധം കൂടുതല്‍ ശക്തമാക്കിത്തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
സമരക്കാര്‍ കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാന്‍ ലത്തീന്‍ അതിരൂപത തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ തന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.