scorecardresearch
Latest News

ഒരു തീരം ക്ഷോഭിക്കുമ്പോൾ: വിഴിഞ്ഞം തുറമുഖം മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുന്നത് എന്തിന്?

കെ കരുണാകരൻ സർക്കാരിൽ തുറമുഖ മന്ത്രിയായിരുന്ന എം വി രാഘവൻ 1991ൽ സ്വപ്ന പദ്ധതിയായി വിഭാവനം ചെയ്ത് മുന്നോട്ട് വച്ച വിഴിഞ്ഞം തുറമുഖം എന്നപദ്ധതി 2015ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണ് കരാർ ആകുന്നത്. ഈ കരാറിന് പിന്നിലെ ചരിത്രവും വസ്തുതകളും വിവിധ വാദങ്ങളും എന്തൊക്കെയാണ്. ഇപ്പോഴത്തെ സമരവും സർക്കാർ നിലപാടും എന്താണ്. അതേക്കുറിച്ച് വായിക്കാം

Vizhinjam Port , iemalayalam

വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിന്റെ നിർമാണം ഉടനടി നിർത്തിവച്ച് ആഘാതപഠനം നടത്തണമെന്നത് ഉൾപ്പടെ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരസമിതി നടത്തുന്ന ഉപരോധ സമരം കടലാഴം പോലെ നീളുകയാണ്. കടലിലും കരയിലും അടക്കം ഉപരോധിച്ചതോടെ തുറമുഖ നിർമാതാക്കളായ അദാനി പോർട്ട്സ് ലിമിറ്റഡിന് നിർമാണം നിർത്തിവയ്ക്കേണ്ടിവന്നു.

തുറമുഖ നിർമാണ പ്രവർത്തനത്തിനു പൊലീസ് സംരക്ഷണം നൽകാൻ സെപ്റ്റംബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉപരോധ സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള 120 ഇടവകളിലെ സ്ത്രീകളും കുട്ടികളും വൃദ്ധരും വൈദികരും അടങ്ങുന്ന മൽസ്യത്തൊഴിലാളി- തീരദേശ സമൂഹത്തിൽനിന്നുള്ള കുടുംബങ്ങളാണ് എല്ലാ ദിവസവും ഉപരോധത്തിൽ പങ്കെടുക്കുന്നത്. തുറമുഖ കവാടത്തിൽ സ്ഥാപിച്ച പൊലീസ് ബാരിക്കേഡുകൾ തള്ളിമാറ്റി തുറമുഖ പദ്ധതി പ്രദേശത്ത് പ്രവേശിക്കുന്ന ജനങ്ങൾ അവിടെ കൊടി നാട്ടിയിരുന്നു. പൊലീസ് സംരക്ഷണത്തിനനു കോടതി ഉത്തരവ് വന്നതോടെ പൊലീസ് ബാരിക്കേഡ് മറികടന്ന് കൊടി നാട്ടുന്നതിൽനിന്നു മാത്രം സമരക്കാർ പിൻവാങ്ങി. പകരം കേരളത്തിലെ പ്രമുഖരായ വൈദികർ സെപ്തംബർ അഞ്ച് മുതൽ ഉപവാസ സമരം നടത്തുകയാണ്.

ഒരുകാലത്ത് മീൻപിടിത്തക്കാരുടെയും ജൈവ സമ്പദ് വ്യവസ്ഥുടെയും  പറുദീസയായിരുന്ന വിഴിഞ്ഞം. ഒട്ടേറെ കടൽ മീനുകളുടെയും ചിപ്പികളുടെയും ആവാസവ്യവസ്ഥയായിരുന്നു ഈ പ്രദേശത്ത് 123 ജലജീവി വർഗങ്ങളെ 2013ൽ കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം തലവൻ ഡോ. ബിജുകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മറ്റ് ചില പഠനങ്ങൾ അതിലും കൂടുതൽ ജലജീവികളെ ഈ പ്രദേശത്തെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനെല്ലാമുപരി ധാരാളം തൊഴിലാളി കുടുംബങ്ങൾ കക്ക, ചിപ്പി വാരലിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നു. മത്സ്യത്തൊഴിലാളികൾക്കു  നേരിട്ട് തൊഴിൽ ലഭ്യമാകുന്നതിനു പുറമെ നഗരത്തിലും മറ്റും മത്സ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നവർ, അതുമായി ബന്ധപ്പെട്ട് മറ്റ് വാഹന സൗകര്യം, മറ്റ് തൊഴിലുകൾ എന്നിങ്ങനെ ഈ പ്രദേശത്തെ വിവിധ തലങ്ങളിൽ പെട്ടവരുടെ ഉപജീവനമാർഗം കൂടെയായിരന്നു വിഴിഞ്ഞം കടൽ. അവിടെ അടിത്തട്ട് തുറമുഖ നിർമാണത്തിന് ഒരുക്കുന്നതിന്റെ ഭാഗമായി വലിയ യന്ത്രം ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയതോടെ ആവാസ വ്യവസ്ഥ ഇല്ലാതായെന്നാണ് ഈ തൊഴിലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്നവർ പറയുന്നത്.

Vizhinjam Strike, Police protection, Kerala High Court

പദ്ധതി പ്രദേശത്ത് പ്രവേശിച്ചാൽ കണ്ണിൽ പതിയുക വലിയ യന്ത്രങ്ങളാണ്. കൂറ്റൻ ക്രെയിനും മണ്ണു മാന്തികളും അന്യഗ്രഹജീവികളെ പോലെ തമ്പടിച്ച് കിടക്കുന്നു. പശ്ചമിഘട്ടത്തിന്റെ ഭാഗമായ നിരവധി കുന്നുകൾ തകർത്ത് സംഭരിച്ച ടൺകണക്കിനു പാറക്കല്ലുകൾ പദ്ധതി പ്രദേശത്ത് കിലോമീറ്ററുകൾ നീളത്തിൽ കിടക്കുകയാണ്. തുറമുഖത്തിനായി കടൽ നികത്താൻ കുന്നുകളും മലകളും ഇടിച്ച് നിരത്തിയ മണ്ണു നിറച്ചതോടെ മണൽ കാണാൻ പോലുമില്ല.

രണ്ടുതവണ സമര സമതിയും മന്ത്രിസഭാ ഉപസമിതയുമായി നടന്ന ചർച്ചയും ലത്തീൻ അതിരൂപത നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് അവസാനവാരം നടത്തിയ അനൗദ്യോഗിക ചർച്ചയും ഒരൊറ്റ വിഷയത്തിൽ തട്ടിയാണ് അലസി പിരിഞ്ഞത്- തുറമുഖ നിർമാണം ഉടൻ നിർത്തിവയ്ക്കുക, തങ്ങളുടെ പ്രതിനിധികൾ കൂടി ഉൾപ്പെടുന്ന വിദഗ്ധ സംഘത്തെ ആഘാതപഠനത്തിന് നിയോഗിക്കുക. ‘‘വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തിൽ, അത് നിർത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കുന്നതിൽ സർക്കാറിന് വിമുഖതയില്ല,’’എന്നാണ് ഓഗസ്റ്റ് 30 ന് നിയമസഭയിൽ കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഏതാണ്ട് മുപ്പത്തിയൊന്ന് വർഷത്തെ ചരിത്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ളതായി കാണാം. 1991ൽ ആരംഭിച്ച വിഴിഞ്ഞം തുറമുഖം എന്ന അജൻഡ കരാർ രൂപത്തിലായി ഒപ്പിടാൻ 2015 ആയി. ആദ്യ കാലങ്ങളിൽ അതിശക്തമായ എതിർപ്പ് ഈ പദ്ധതിക്കുനേരെ ഉയർന്നിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും വികസന അജൻഡയുടെ ലാസ്റ്റ് ബസ് വാദത്തിലാണ് ഈ കരാർ ഒപ്പിടുന്നത്.

തുറമുഖം കരാർ പ്രധാന വസ്തുതകൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നിർത്തിവയ്ക്കണമെന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യം വിഷമവൃത്തത്തിലാക്കുന്നത് സർക്കാറിനെ മാത്രമല്ല പ്രതിപക്ഷത്തെയും കേന്ദ്രം ഭരിക്കുന്ന പാർട്ടിയെയും കൂടിയാണ്.  പദ്ധതി ഒപ്പുവച്ച യു ഡി എഫും ഭരണപക്ഷത്തിനൊപ്പം പ്രതികൂട്ടിലാണ്. ഭരണമെന്നത് ഒരു തുടർച്ചയായതുകൊണ്ടു തന്നെ അദാനി വിഴിഞ്ഞം പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവെച്ച 7525 കോടി രൂപയുടെ നിർമാണച്ചെലവ് വരുന്ന തുറമുഖ നിർമാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുക സംസ്ഥാനത്തിന് എളുപ്പമല്ല. നഷ്ടപരിഹാരവും കേസും സംസ്ഥാനത്തിന് താങ്ങാവുന്നതിലും അധികമാവും.  

പദ്ധതി  ആയിരം ദിവസത്തിനുള്ളിൽ, 2018 സെപ്റ്റംബർ ഒന്നിനു പൂർത്തീകരിക്കുമെന്നായിരുന്നു 2015 ഓഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ  ഗൗതം എസ്. അദാനി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ദിവസം പൂർത്തിയാക്കാനായില്ലെന്നു മാത്രമല്ല, നീട്ടിനൽകിയ കാലാവധിയായ 2019 ഡിസംബർ മൂന്ന് എന്ന സമയപരിധിയിലും തുറമുഖ നിർമാണം പൂർത്തിയാക്കാൻ അദാനിക്കായില്ല.

സമയപരിധി ലംഘിച്ചാൽ ഒരു ദിവസം 12 ലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടിസ് നൽകി. പക്ഷേ ഓഖി, പാറ ലഭിക്കാത്തത് എന്നിവ ചൂണ്ടികാട്ടി അദാനി ഗ്രൂപ്പ് ആർബിട്രേഷനു പോവുമെന്ന് വ്യക്തമാക്കിയതോടെ സർക്കാർ പിന്നാക്കം പോയി. 2020 ഒക്ടോബറിൽ തുറമുഖത്തിന്റെ കമ്മിഷനിങ് നടത്താമെന്ന വാക്കും അദാനിക്ക് പൂർത്തിയാക്കാനായില്ല. നിലവിൽ ഇരുകൂട്ടരുടെയും വാദങ്ങൾ മൂന്നംഗ സമിതി കേൾക്കുകയാണ്. ചൊവ്വാഴ്ച പ്രതിഷേധക്കാരുടെ ആവശ്യ പ്രകാരം നിർമാണ പ്രവൃത്തികൾ നിർത്തിവച്ച കമ്പനി, കവാടം ഉപരോധിച്ചുള്ള സമരമടക്കമുള്ള  വിഷയങ്ങൾ വരും ദിവസങ്ങളിൽ ആർബിട്രേഷനിൽ ചൂണ്ടികാട്ടുമെന്ന് സർക്കാർ ഭയക്കുന്നു.

പുലിമുട്ട് നിർമാണവും പാറയും

കടലേറ്റത്തിനു കാരണമായി തീരദേശ സമൂഹം പറയുന്നതു പുലിമുട്ട് നിർമാണമാണ്. തുറമുഖത്തിനായി  ആകെയുള്ള 3100 മീറ്റർ പുലിമുട്ടിൽ 2022 ഓഗസ്റ്റ് വരെ 1350 മീറ്ററാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. അടുത്ത അഞ്ച് മാസത്തിനുള്ളിൽ 1,800 മീറ്റർ പൂർത്തീകരിക്കാൻ 23 ലക്ഷം ടൺ കല്ലാണ് വേണ്ടത്. ഇതിൽ 13 ലക്ഷം അദാനി ഗ്രൂപ്പിന്റെ കൈവശമുണ്ട്. ഉപരോധം നീണ്ടാൽ പുലിമുട്ട് നിർമാണവും നീളുമെന്നാണ് ആശങ്ക.

പുലിമുട്ട് നിർമാണം ആരംഭിച്ചതു മുതൽ വിഴിഞ്ഞം മുതൽ തെക്കോട്ട് കിലോമീറ്ററോളം തീരമാണ് കടലെടുത്തു പോയത്. ഇതിൽ വലിയതുറ, ശംഖുംമുഖം ഉൾപടെ പല തീരങ്ങളും വീണ്ടെടുക്കാനാവാതെ അപ്രത്യക്ഷമായി. എന്നാൽ പൂണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സി ഡബ്ല്യു പി ആർ എസ്) പഠനത്തിൽ തുറമുഖ നിർമാണമല്ല തീരശോഷണത്തിന് കാരണമെന്നു കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. കാലാവസ്ഥാന വ്യതിയാനവും ഇതിൽ പങ്കുവഹിക്കുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശ പ്രകാരം രൂപീകരിച്ച സമിതിയും ഈ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് വരുന്നതുവരെ കാക്കണമെന്നാണ് സർക്കാർ നിലപാട്. 2023 ലെങ്കിലും നിർമാണം പൂർത്തിയാക്കാമെന്ന സർക്കാർ പ്രതീക്ഷയാണ് മത്സത്തൊഴി ലാളി സമൂഹവുമായുള്ള ഏറ്റുമുട്ടലിൽ കടലെടുക്കുന്നത്.

തികച്ചും സമാധാനപരമായി തുടരുന്ന സമരത്തിനു നേരെ ബലപ്രയോഗമെന്നതു വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടിരിക്കുന്ന എൽ.ഡി.എഫ് സർക്കാറിനു വെല്ലുവിളിയാണ്. സർക്കാറിന്റെ ഏക ആശ്വാസം കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ മുന്നണിയായ യു ഡി എഫും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറും അതിനെ നയിക്കുന്ന ബി.ജെ.പിയും തുറമുഖ നിർമാണത്തെ എതിർക്കുന്നില്ലെന്നതാണ്.

മുഖ്യമന്ത്രി 2022 ഓഗസ്റ്റ് 30 ന് പറഞ്ഞത് എന്താണ്?

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.  വിഴിഞ്ഞം പദ്ധതി പൊതുമേഖലയില്‍ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനാല്‍ പദ്ധതി തുടരട്ടെ എന്ന നിലപാട് സംസ്ഥാന താൽപ്പര്യം മുന്‍നിര്‍ത്തി എൽ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഇപ്പോള്‍ ആറ് വര്‍ഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍  പദ്ധതി നിര്‍ത്തിവയ്ക്കാനേ ആവില്ല.  

തീരശോഷണം ഉണ്ടാകുന്നത്

ഇതിന് തുറമുഖം നിര്‍മ്മാണവുമായി ബന്ധമില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ കാണിക്കുന്നത്. എങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഗണിച്ച് ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. ഈ സമിതിയോട് മൂന്നു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ട് ലഭ്യമാക്കാൻ നിര്‍ദ്ദേശിക്കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം  പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം.

തീരശോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

സംസ്ഥാനത്തിന്റെ തീരമേഖലയില്‍ പുരോഗമിക്കുന്ന സുപ്രധാന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം. 2023 ഏപ്രിലോടെ തുറമുഖത്ത് ആദ്യത്തെ ബാര്‍ജ് എത്തുമെന്നും 2023 ഒക്ടോബറോടെ കൊമേഴ്സ്യല്‍ ഓപ്പറേഷന്‍ ആരംഭിക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കാവശ്യമായ എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറിലേര്‍പ്പെട്ട് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ അക്രഡിറ്റഡ് ഏജന്‍സിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഈ പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അനുമതിയില്‍ ഇടപെടണമെന്ന ആവശ്യം തള്ളിയിരുന്നു. ട്രൈബ്യൂണല്‍ പദ്ധതിപ്രദേശത്തിന്റെ തെക്കും വടക്കും 10 കി.മീ വീതം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ച് എല്ലാ ആറ് മാസം കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

കൂടാതെ ഷോര്‍ലൈന്‍ നിരീക്ഷിക്കുവാന്‍ ഒരു മോണിറ്ററിങ് സെല്ലും രൂപീകരിച്ചിരുന്നു. ഇതനുസരിച്ചുള്ള പഠനവും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിലൊന്നും പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ടും ഉണ്ട്. തുറമുഖ നിര്‍മ്മാണത്തിന്റെ  ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദവും അടിസ്ഥാനരഹിതമാ ണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൻമേൽ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാര്‍  ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. തുറമുഖത്തിന്റെ  നിര്‍മാണപ്രവര്‍ത്തികള്‍ കടലോര മേഖലയില്‍ തീരശോഷണത്തിന് ഇടയാക്കുന്നു എന്ന ആശങ്ക ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ പരിഗണിച്ചുവരികയാണ്. ഇവ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളും സഹകരിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ അവര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുമുണ്ട്.

ക്യാമ്പുകളില്‍ കഴിയുന്നവരുടെയും CRZ പരിധിയിലുള്ളവരുടെയും പുനരധിവാസം

തുറമുഖ പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിച്ചിട്ടില്ല. തുറമുഖ നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന്  പഠനങ്ങളില്‍  കണ്ടെത്തിയിട്ടുമില്ല. കടലാക്രമണത്തിന് ഇരയാകുന്ന കുടുംബങ്ങളെയും CRZ പരിധിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. ഇതിനായി തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്  കീഴില്‍ മുട്ടത്തറയിലുള്ള എട്ട് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന്റെയും CRZ നിയന്ത്രണങ്ങളുടെയും ഭാഗമായി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പുനരധിവാസം വേണ്ടിവരുന്നവരുടെ ആവശ്യത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. ക്യാമ്പുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കും.  

Vizhinjam Strike, Kerala Government

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതുവരെ 5500 രൂപ പ്രതിമാസ വാടകയും സര്‍ക്കാര്‍ വഹിക്കും. ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായുള്ള പുനര്‍ഗേഹം പദ്ധതിയില്‍ 2450 കോടി രൂപയുടെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്.  സ്വന്തമായി വീട് വയ്ക്കാന്‍ തയാറാവുന്നവര്‍ക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്.
പുനരധിവാസ പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി നടപ്പാക്കാന്‍ മാസംതോറും അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി  അധ്യക്ഷനായും ഫീഷറീസ്, ജലവിഭവ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു സമിതി രൂപീകരിക്കും.

കടലാക്രമണ ഭീഷണിയും തീരശോഷണവും തടയാന്‍ നടപടി

2021-22 ലെ ബജറ്റില്‍ സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി അഞ്ച്  വര്‍ഷക്കാലയളവിലേക്ക് 5300 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരം സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ജിയോ ട്യൂബുകള്‍, ജിയോ കണ്ടെയ്നറുകള്‍, റോളിങ് ബാരിയര്‍ സംവിധാനങ്ങള്‍, ടെട്രാപോഡുകള്‍ തുടങ്ങിയവയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഉചിതമായ തീരസംരക്ഷണം പ്രാദേശിക പങ്കാളിത്തത്തോടെയും കൂടിയാലോചനകളോടെയും നടപ്പാക്കും.

പൂന്തുറയ്ക്കും  വലിയതുറയ്ക്കും ഇടയ്ക്ക് കണ്ടെത്തിയിട്ടുള്ള എല്ലാ ഹോട്ട് സ്പോട്ടുകളിലും  തീരസംരക്ഷണത്തിന് 150 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. പൂന്തുറയില്‍ 100 മീറ്ററില്‍ നടപ്പാക്കിയ പദ്ധതിയുടെ വിലയിരുത്തലിനു ശേഷം മറ്റു ഹോട്ട്സ്പോട്ടുകളും സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ശംഖുമുഖം പാതയോര സംരക്ഷണം പുരോഗമിക്കുകയാണ്. കോവളം ബീച്ച് പുനരുദ്ധാരണ ടൂറിസം പദ്ധതിയ്ക്കായുള്ള 58 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കിക്കഴിഞ്ഞു.

മണ്ണെണ്ണ വിലക്കയറ്റം

മണ്ണെണ്ണയുടെ വിലക്കയറ്റം സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ല. മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്രമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. നിലവില്‍ ലിറ്ററിന് 25 രൂപ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുമുണ്ട്.  കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മണ്ണെണ്ണ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കണം. ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികള്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ  സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇതിനായി മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ഒരു പദ്ധതി ആവിഷ്കരിച്ച് സര്‍ക്കാര്‍ നടപ്പാക്കും.

തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള പരിഹാരം

പ്രകൃതിക്ഷോഭം പോലുള്ള ഘട്ടങ്ങളിലും കോവിഡ് സാഹചര്യത്തിലും എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായവും, സൗജന്യ റേഷനും ഭക്ഷ്യക്കിറ്റും ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധനസഹായവും അനുവദിച്ചിട്ടുണ്ട്.  ഇക്കാര്യത്തില്‍ തുടര്‍ന്നും ആവശ്യാനുസരണം ഉചിതമായ നടപടി സ്വീകരിക്കും.

മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍

മുതലപ്പൊഴി ഹാര്‍ബറിന്റെ വടക്കുവശത്തായി 23 കോടി രൂപ ചെലവില്‍ 1.91 കി.മീ ദൂരം ഗ്രോയിന്‍ സംരക്ഷണത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ഇത് തുറമുഖത്ത് ലാൻഡിങ് സൗകര്യങ്ങളും സുരക്ഷയും മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യത്തൊഴിലാളി മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍

പദ്ധതി പ്രദേശങ്ങളില്‍ ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ചിപ്പി ശേഖരണത്തിലും ലോബ്സ്റ്റര്‍ മത്സ്യബന്ധന തൊഴിലിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കരമടി മത്സ്യബന്ധന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും റിസോര്‍ട്ട് തൊഴിലാളികള്‍ക്കുമെല്ലാം ഇതിന്‍റെ ഗുണഫലം ലഭിച്ചിട്ടുണ്ട്. നിലവിലെ വിഴിഞ്ഞം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ 100 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തുറമുഖ പദ്ധതിക്കായി 7.3 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്ലാന്റിനു പുറമെ, കഴിഞ്ഞ വര്‍ഷം 1.74 കോടി രൂപ ചെലവില്‍ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആയിരത്തില്‍പ്പരം ജലവിതരണ കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു.

vizhinjam

മാലിന്യനിര്‍മാര്‍ജനത്തിനായി വിപുലമായ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. കോട്ടപ്പുറം പ്രദേശത്ത് ഭവനരഹിതരായ 1026-ല്‍ പരം ആളുകള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ മാത്രം 340 കുടുംബങ്ങളെ ഫ്ളാറ്റ് നിര്‍മ്മിച്ച് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്. മുട്ടത്തറയില്‍ 192 ഉം കാരോട് 128 ഉം ബീമാപള്ളിയില്‍ 20 കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍ വീട് നിര്‍മിക്കാനായി 832 പേര്‍ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 399 പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നു.

തുടർന്ന് ഓഗസ്റ്റ് 31 ന് ലത്തീൻ അതിരൂപത വികാരി ജനറലും സമര സമിതി ജനറൽ കൺവീനറുമായ ഫാദർ യൂജിൻ പെരേര, സമര സമിതി കൺവീനർ ഫാദർ തീയോഡേഷ്യസ് ഡിക്രൂസ് അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ വാദങ്ങൾക്കു നൽകിയ മറുപടി:

സമിതിയുടെ ആവശ്യങ്ങൾ
1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണത്തിനു ശാശ്വത പരിഹാരം കാണുക.
2. തീരശോഷണം മൂലം വീട് നഷ്ടപെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ വാടക നൽകി മാറ്റിപ്പാർപ്പിക്കുക.
3. വീടും സ്ഥലവും നഷ്ടപെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക.
4. തീരശോഷണത്തിനു കാരണവും വിഴിഞ്ഞം മൽസ്യബന്ധന തുറമുഖത്തിനും കോവളം, ശംഖുംമുഖം ബീച്ചുകൾക്കും ഭീഷണിയായ തുറമുഖ നിർമ്മാണം നിർത്തിവെച്ച് പ്രദേശവാസികളെ ഉൾപെടുത്തി സുതാര്യമായ പഠനം നടത്തുക.
5. മണ്ണെണ്ണ വില വർധന പിൻവലിക്കാൻ ഇടപെടുക; തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ ലഭ്യമാക്കുക.
6. കാലാവസ്ഥാ മുന്നറിയിപ്പ് കാരണം കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കു മിനിമം വേതനം നൽകുക.
7. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക.

ഓരോ ആവശ്യത്തിന്മേലും മുഖ്യമന്ത്രിയുടെ നിലപാടുകൾ സംബന്ധിച്ച് സമരസമിതി പറയുന്നനത്

1. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമായ മറുപടി ഇല്ല. പരിഹാരം ഉണ്ടാക്കാമെന്ന കേവല പ്രസ്താവന മാത്രം.

2. തീരശോഷണം മൂലം വീട് നഷ്ടപെട്ട് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീട് വാടകക്ക് എടുക്കാൻ 5,500 രൂപ അപര്യാപ്തമാണ്. ആ വാഗ്ദാനം സ്വീകാര്യമല്ല. പകരം സർക്കാർ വീട് വാടകക്ക് എടുത്ത് അത് ക്യാമ്പ് നിവാസികൾക്ക് ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. അത് സമരസമിതിക്ക് സ്വീകാര്യമാണ്.

3. വസ്തുവാങ്ങി വീട് ഉണ്ടാക്കുന്നതിന് 10 ലക്ഷം രുപ നൽകാമെന്നതും അപര്യാപ്തമാണ്. സ്വീകാര്യമല്ല. പട്ടയമുള്ള വസ്തുവിലെ വീടുകളാണ് നഷ്ടമായത്. വസ്തുവിൽ അതത് വില്ലേജ് ഓഫീസിൽ കരം അടച്ചുകൊണ്ടിരുന്നതുമാണ്. നഷ്ടപെട്ട വസ്തുവിന് തുല്യമായ വിസ്തീർണത്തിലുള്ള വസ്തു നൽകുകയും നഷ്ടപ്പെട്ട വീടിന് സമാനമായ വീട് നിർമിച്ചു നൽകുകയും വേണം. മൽസ്യത്തൊഴിലാളികളെ അഗതികളായി കണക്കാക്കുന്ന മനോഭാവമാണ് മുഖ്യമന്ത്രിക്ക്.

4. തുറമുഖ നിർമ്മാണം ഒരു സാഹചര്യത്തിലും നിർത്തിവയ്ക്കില്ലെന്നും പഠിക്കാൻ വിദഗ്ധ സമിതിയെ വയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ ന്യായമെന്ന് തോന്നുമെങ്കിലും അത് യുകതിസഹവും സാഹചര്യങ്ങൾക്ക് അനുസൃതവുമല്ല. അതിനാൽ തള്ളിക്കളയുന്നു. പഠനം നടത്തുന്ന കാലത്തും നിർമാണപ്രവർത്തനം തുടരുക എന്നാൽ അർത്ഥം പഠനം ഒരു ചടങ്ങായി നടത്തുകയും നിർമാണപ്രവർത്തനവും അതുമൂലമുള്ള ദോഷഫലങ്ങളും അനുസ്യൂതം തുടരുക എന്നാണ്. അത് യുക്തിഭദ്രമല്ല. സമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.

മുഖ്യമന്ത്രിയുടെ നിലപാടിൽ നിന്ന് വ്യക്തമാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, പഠനത്തിലൂടെ വെളിവാകുന്നത് എന്ത് തന്നെയായാലും തുറമുഖ പദ്ധതി ഉപേക്ഷിക്കില്ല. രണ്ട്, മുഖ്യമന്ത്രി അത്തരത്തിൽ കടുംപിടുത്തത്തോടെ വിദഗ്ധ സമിതിയെ നിയമിക്കുമ്പോൾ മുഖ്യമന്ത്രി ഭംഗ്യേന്തരണ വിദഗ്ധ സമിതിക്ക് ഒരു സൂചന കൂടി നൽകുകയാണ്. പദ്ധതി ഉപേക്ഷിക്കണമെന്ന ശിപാർശ റിപ്പോർട്ടിൽ ഉണ്ടായികൂടാ. ഈ സമീപനം പ്രശനപരിഹാരത്തിന് ഉതകുന്നതല്ല. അത് ഇരുട്ട്കൊണ്ട് ഓട്ട അടയ്ക്കുന്ന സമീപനമാണ്. പഠനഫലം അറിയും മുമ്പ് കടലിൽ കല്ല് ഇടുന്നതോ കടൽ നികുത്തുന്നതോ ഡ്രെഡ്ജിങ് നടത്തുന്നതോ നിലവിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ സഹായിക്കൂ.

5. മൽസ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്താൻ കഴിയാത്ത സർക്കാർ എന്തിനാണെന്ന് അവർ ചിന്തിച്ചാൽ കുറ്റം പറയാനാവുമോ. തമിഴ്നാടിന് കഴിയുന്നത് എന്തുകൊണ്ട് കേരളത്തിന് കഴിയുന്നില്ല.

6. കാലാവസ്ഥാ മുന്നറിയിപ്പ് മൂലം കടലിൽ പോകാൻ കഴിയാത്തവർക്കു ചുരുങ്ങിയ വേതനം നൽകുക എന്നതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തത്വത്തിൽ സ്വീകാര്യമാണ്.

7. മുതലപ്പൊഴിയിലെ പ്രശ്നങ്ങളിലും മുഖ്യമന്ത്രിയുടെ വാഗ്ദാനം പ്രഥദൃഷ്ട്യാ സ്വീകാര്യമാണ്.

വിഴിഞ്ഞം തുറമുഖ നിർമാണം സംബന്ധിച്ച കെടുകാര്യസ്ഥത തുറന്നുകാട്ടിയ 2017 ലെ സി.എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഠനത്തിന് രാമചന്ദ്രൻ നായർ കമ്മിഷനെ ചുമതലപ്പെടുത്തി. കരാർ വ്യവസ്ഥയിൽ ഗൗരവമായ വീഴ്ചയുള്ളതിനാൽ റിപ്പോർട്ടിൻമേൽ വിജിലൻസ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാവണം. ഓഗസ്റ്റ് 28 ന് തുറമുഖ നിർമാണപ്രദേശത്ത് സമരത്തിൽ ഏർപെട്ട വൈദികരുൾപ്പടെയുള്ളവരെ  ആക്രമിച്ച പൊലീസുകാർക്കെതിരെ മുഖ്യമന്ത്രി നടപടി എടുക്കണം.

പദ്ധതിയുടെ ചരിത്രം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത് 1991 ലെ കെ. കരുണാകരന്റെ  നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറാണ്. സി എം പി സ്ഥാപകനും അന്ന് തുറമുഖ മന്ത്രിയുമായിരുന്ന എം.വി. രാഘവനാണ് ചുക്കാൻ പിടിച്ചത്. 1995 ൽ  എ.കെ. ആന്റണി സർക്കാർ കുമാർ എനർജി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. പക്ഷേ തുടർന്ന് വന്ന 1996 ലെ ഇ.കെ. നായനാർ സർക്കാറിന്റെ കാലത്ത് മുന്നോട്ടുപോയില്ല. പിന്നീട് 2004 ൽ ഉമ്മൻചാണ്ടി സർക്കാർ സ്വകാര്യ പങ്കാളിത്തതോടെ  പദ്ധതി തയ്യാറാക്കാൻ രൂപരേഖ തയാറാക്കി. 2005 ൽ പി പി പി (പൊതു-സ്വകാര്യ പങ്കാളിത്തം) മാതൃകയിൽ ടെണ്ടർ വിളിച്ചു. ടെണ്ടറിൽ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കൺസോർഷ്യത്തിനു സുരക്ഷാ കാരണത്താൽ കേന്ദ്രം അനുമതി നിഷേധിച്ചു.

Vizhinjam Port, Protest

2008 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് ലാൻകോ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ലെറ്റർ ഓഫ് ഇൻറ്റന്റ്  നൽകി. പക്ഷേ നിയമക്കരുക്ക് കാരണം അന്തിമ കരാറിലേക്ക് എത്തിയില്ല. എൽ ഡി എഫ് സർക്കാർ ഇൻർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ (ഐ എഫ് സി) സഹായത്തോടെ പദ്ധതിയെ ലാൻഡ് ലോർഡ് മോഡലിലേക്ക് മാറ്റി.

2011 ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറിന്റെ കാലത്താണ് അദാനി ചിത്രത്തിലേക്ക് വരുന്നത്. എന്നാൽ 2013 ൽ സർക്കാർ പദ്ധതിയെ പി പി പി മോഡലിലേക്ക് മാറ്റി. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന കെ.വി. തോമസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂട്ടരും അദാനി ഗ്രൂപ്പ് മേധാവികളുമായി നടത്തിയ ചർച്ചയും വിവാദമായിരുന്നു. ചർച്ചയുടെ മിനിട്സ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ആവശ്യപെട്ടുവെങ്കിലും അത് ലഭിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2010 സെപ്റ്റംബർ നാലിന് അദാനി വി.എസ്. അച്യുതാനന്ദനെ കണ്ടിരുന്നുവെന്ന വാദം മാത്രമാണ് യു.ഡി.എഫ് മറുപടിയായി പറഞ്ഞത്.

തുറമുഖ കരാർ ഒപ്പുവയ്ക്കൽ

2015 ഓഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമാണ നടത്തിപ്പ് കരാറിൽ അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാറും ഒപ്പുവച്ചത്. ഉമ്മൻചാണ്ടി നേതൃത്വം നൽകുന്ന യു ഡി എഫ് സർക്കാറായിരുന്നു ഭരണത്തിൽ. കരാർ പ്രകാരമുള്ള പ്രവൃത്തികൾ അദാനി പോർട്സ് ആൻഡ് ഇക്കോണമിക് സോൺ ലിമിറ്റഡ് ആ വർഷം നവംബർ ഒന്നിന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തുറമുഖ നിർമാണം ഇങ്ങനെ

കടലിൽ 130.91 ഏക്കർ നികത്തും. പുറമേ 220.28 ഏക്കർ കരയിലും. അങ്ങനെ ആകെ 351.19 ഏക്കർ ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.  7525 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി പൊതു- സ്വകാര്യ പങ്കാളിത്തതോടെ (പി പി പി മോഡൽ) ലാൻഡ് ലോർഡ് മാതൃകയിലാണ് തുറമുഖം നിർമിക്കുക. ഇതിൽ പി പി പി ഘടകം 4089 കോടി രൂപയാണ്. ഇതിന്റെ 40 ശതമാനമായ 1635 കോടിയാണ് സർക്കാർ മുടക്കേണ്ടത്. അദാനി മുടക്കേണ്ടത് 2454 കോടി രൂപയാണ്. പദ്ധതി നടപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ലാഭക്ഷമതാ ഘടകമായി (വി ജി എഫ്) 1635 കോടി നൽകുന്നുണ്ട്. ഇതിൽ 818 കോടി കേന്ദ്ര വിഹിതവും 817 കോടി സംസ്ഥാന വിഹിതവുമാണ്.

ഇന്ത്യയിൽ വി ജി എഫ് അനുവദിച്ച ആദ്യ തുറമുഖ പദ്ധതി കൂടിയാണ് വിഴിഞ്ഞം അദാനി പോർട്ട്. 3,100 മീറ്റർ നീളത്തിലാണ് പുലിമുട്ട് (ബ്രേക്ക് വാട്ടർ) നിർമിക്കുന്നത്. ഇതിന് 1463 കോടി രൂപ സർക്കാർ മുടക്കും. നിർമാണച്ചുമതല അദാനിക്കാണ്. ഭൂമി, റെയിൽവേ, വൈദ്യുതി, കുടിവെള്ളം ഉൾപ്പടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ 1973 കോടി രൂപയും മുടക്കേണ്ടത് സർക്കാറാണ്. നാല് വർഷത്തെ നിർമ്മാണ കലാവധി ഉൾപ്പെടെ 36 വർഷമാണ് തുറമുഖ കരാർ കാലാവധി.

രണ്ടാംഘട്ട പ്രവർത്തനം 30 വർഷം മുമ്പായി നടത്തുകയാണെങ്കിൽ മാത്രം 20 വർഷത്തെ കാലാവധി നീട്ടി നൽകും. തുറമുഖ നടത്തിപ്പിന്റെ പതിനഞ്ചാം വർഷം മുതൽ വരുമാനവിഹിതം ഉണ്ടാകും. ഇത് ഒരു ശതമാനത്തിൽ തുടങ്ങി ഓരോ വർഷവും ഓരോ ശതമാനം വീതം വർധിച്ച് പരമാവധി 40 ശതമാനം വരെയാകും. സംസ്ഥാനം കേന്ദ്രത്തിനു വി ജി എഫ് അനുവദിക്കുന്നതിനു പകരമായി നൽകേണ്ടത് ഈ പണത്തിന്റെ 40 ശതമാനമാണ്.

പോർട്ട് എസ്റ്റേറ്റ്

പദ്ധതിക്കായി ഏറ്റെടുക്കുന്ന 351.19 ഏക്കറിൽ 30 ശതമാനം (105) ഏക്കർ പോർട്ട് എസ്റ്റേറ്റ് വികസനത്തിനായി കൺസഷൻ കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൂർണമായും മറ്റ് വ്യാപാര ആവശ്യങ്ങൾക്ക് ഈ ഭൂമി തുറമുഖ നടത്തിപ്പ് കമ്പനിക്ക്, അതായത് അദാനി ഗ്രൂപ്പിന് വിനിയോഗിക്കാം. ഈ ഭൂമിയെ അദാനി ഗ്രൂപ്പിനു വേണമെങ്കിൽ ഉപ ലൈസൻസ് നൽകാനും അവകാശമുണ്ടാകും. തുറമുഖ നടത്തിപ്പിന്റെ ഏഴാം വർഷം മുതൽ 10 ശതമാനം വരുമാന വിഹിതം സംസ്ഥാനത്തിന് ലഭിക്കും. 3,100 മീറ്റർ നീളുമുള്ള പുലിമുട്ടാണ് നിർമിക്കുക. 18,000 ടി ഇ യു (Twenty Equipment Unit- TEU is the smallest equipment used to transport goods. Modern container ships can carry over 24,000 TEU)  ശേഷിയുള്ള കണ്ടെയ്നർ കപ്പലുകൾക്കു വരെ അടുക്കാൻ സാധ്യമായ വിധത്തിലാവും തുറമുഖം രൂപകൽപ്പന ചെയ്യുക എന്നതാണ് ലക്ഷ്യം.

സമരക്കാർ/ മൽസ്യത്തൊഴിലാളികൾ/ അതിരൂപത എന്ത് ചെയ്തു?

തുറമുഖ പദ്ധതി ഒപ്പിടും മുൻപ് തന്നെ ലത്തീൻ കത്തോലിക്ക അതിരൂപത അന്നത്തെ ആർച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെയും സ്വതന്ത്ര മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്ററിന്റെയും  നേതൃത്വത്തിൽ  മൽസ്യത്തൊഴിലാളികളും അവരുടെ ആശങ്ക വ്യക്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പുമായി സർക്കാർ കരാർ ഒപ്പിടുന്ന ദിവസം തിരുവനന്തപുരം പാളയം പള്ളിയിൽ കറുത്ത ദിവസം ആചരിച്ചു. എന്നാൽ തീരദേശ സമൂഹത്തിൽ എല്ലാവരും അക്കാലത്ത് പദ്ധതി ഉണ്ടാക്കുന്ന പരിസ്ഥിതി, തീരദേശ, നാശത്തെക്കുറിച്ച് ബോധവാൻമാരായിരുന്നില്ല. കൂടാതെ സഭ തിരുവനന്തപുരത്ത് വലിയൊരു അടിസ്ഥാന സൗകര്യ വികസനത്തിന് തടസം നിൽക്കുന്നുവെന്ന പ്രചാരണവും ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങളെ മറികടക്കാൻ സർക്കാറിനും യു ഡിഎഫിനും കഴിഞ്ഞു.

അന്നത്തെ പ്രതിപക്ഷം അഥവാ എൽ ഡി എഫും കരാർ വിവാദങ്ങളും

പദ്ധതി പൊതുമേഖലയിൽനിന്ന് മാറ്റിയതിൽ അഴിമതിയും കോഴയുമുണ്ടെന്ന ആക്ഷേപമാണ്  സി പി എം നേതൃത്വം നൽകുന്ന എൽ ഡി എഫ്  ഉന്നയിച്ചത്. പക്ഷേ അപ്പോഴും ഭൂമിയേറ്റടുത്തതും പാരിസ്ഥിതികാനുമതി തേടിയതും റോഡ്, റെയിൽ ആവശ്യത്തിന് ഭൂമിയേറ്റടുക്കൽ വിജ്ഞാപനം പുർത്തിയാക്കിയതുമെല്ലാം തന്റെ സർക്കാറിന്റെ കാലത്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ്  അച്യുതാനന്ദൻ അവകാശപ്പെട്ടു. അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6,000 കോടിയുടെ അഴിമതി ആരോപണമാണ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.

വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വി.എം സുധീരന്റെ വെളിപ്പെടുത്തലിന്റെ  അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ 2018 ജൂൺ 16 ന് ആവശ്യപ്പെട്ടു. ‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പ്പര്യമാണ് ഉമ്മന്‍ചാണ്ടി സംരക്ഷിച്ചതെനന്നാണ് അന്നത്തെ കെ പി സി സി പ്രസിഡൻഡ് വി.എം.സുധീരന്‍ തുറന്നു പറഞ്ഞത്. കരാറില്‍ അഴിമതിയുണ്ടെന്നും ഇത് ജനവിരുദ്ധമാണെന്നും എൽ ഡി എഫും നിലപാടെടുത്തിരുന്നു. കേരള ജനതയുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി, വിഴിഞ്ഞം കരാര്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായാണ് അന്നത്തെ മുഖ്യമന്ത്രി തീരുമാനമെടുത്തതെന്ന ആരോപണം ഗുരുതരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഒന്നാം പിണറായി വിജയൻ സർക്കാർ

2016 ൽ എൽ ഡി എഫ് സർക്കാർ അധികാരമേറ്റപ്പോൾ പുലിമുട്ട് നിർമാണം പുരോഗമിച്ചു. പുലിമുട്ട് നിർമിച്ചാൽ മാത്രമെ ഹാർബറിനെ ശാന്തമാക്കി നിലനിർത്താൻ കഴിയൂ. എന്നാൽ കാലവർഷത്തിന്റെ ഭാഗമായ കടൽക്ഷോഭത്തിനു പുറമെ, കാലാവസ്ഥ വെല്ലുവിളികൾ കാരണം അപ്രതീക്ഷിതമായുണ്ടാവുന്ന ന്യൂനമർദ്ദവും ചുഴലിക്കാറ്റും സുഗമമായ നിർമാണത്തിന് തടസമായി . നിർമിച്ചുവന്ന പുലിമുട്ടും ബർത്തും 2019 ലെ ഓഖി ചുഴലിക്കാറ്റിൽ തകർന്നു. 2021 ലെ ‘യാസ്’ ചുഴലികാറ്റിൽ വിഴിഞ്ഞം മൽസ്യബന്ധന തുറുമഖത്തിനടത്ത് അപകടത്തിൽപെട്ട് മൂന്ന് മീൻപിടുത്ത തൊഴിലാളികൾ കൊല്ലപ്പെട്ടു. ഓഖിയിൽ പുലിമുട്ടിന്റെ നൂറ് മീറ്ററോളം ഭാഗം കടലിൽ മുങ്ങി.

സി ആൻഡ് എജി റിപ്പോർട്ട് വിരൽ ചൂണ്ടിയ വസ്തുതകൾ

2017 മേയിലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമാക്കി. പി പി പി  പദ്ധതികളിൽ നിർമ്മാണ നടത്തിപ്പ് 30 വർഷമാണെങ്കിൽ ഇവിടെ കരാറിൽ 40 വർഷമായി ഉയർത്തി. ഇതിലൂടെ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. പത്ത് വർഷത്തിന് പകരം 20 വർഷം കൂടി കാലാവധി അനുവദിക്കാമെന്ന കരാർ വ്യവസ്ഥയെയും റിപ്പോർട്ട് ചോദ്യം ചെയ്തു. ഇതുവഴി 61,095 കോടി രൂപയുടെ അധികവരുമാനമാണ് അദാനിക്ക് ലഭിക്കുക.

Vizhinjam Port Protest, Kerala News

കരാറിന്റെ ഭാഗമായി വിഴിഞ്ഞം മൽസ്യബന്ധന തുറമുഖം അദാനി നിർമ്മിച്ച് നൽകുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ചെലവ് സർക്കാറാണ് വഹിക്കുക. ഇതിൽനിന്ന് യൂസർഫീ പിരിക്കാൻ നിർമാണ കരാറുകാരനെ അനുവദിച്ചതും സിഎജി ചോദ്യം ചെയ്തു. എന്നാൽ തുറമുഖ വകുപ്പിന്റെ  വിശദീകരണം അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നാണ് അന്നത്തെ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് അടക്കം പറഞ്ഞത്.

ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ജുഡീഷ്യൽ കമ്മിഷൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കരാറിൽ ക്രമക്കേടെന്ന സി എ ജി റിപ്പോർട്ടിലെ പരാമർശത്തെത്തുടർന്ന് 2017 ജൂലൈ 18 നാണ് ഒന്നാം പിണറായി സർക്കാർ ഈ ക്രമക്കേടിന് ഉത്തരവാദികളെ കണ്ടെത്താൻ ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ കമ്മിഷനെ നിയോഗിച്ചത്. കരാറിൽ ഏർപ്പെട്ടതോടെ പൊതുഖജനാവിന് ഉണ്ടായ നഷ്ടത്തിനും സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമായ തീരുമാനമെടുത്തതിനും ഉത്തരവാദികളായവെര കണ്ടെത്തുകയെന്നത് ഉൾപ്പെടെ ആറ് പരിഗണനാ വിഷയമാണ് കമ്മിഷനു നിശ്ചയിച്ച് നൽകിയത്. എന്നാൽ കമ്മി ഷൻ നടപടിയുമായി മുന്നോട്ടുപോകവേ 2018 ജൂലൈ അവസാനവാരം സർക്കാർ അസാധാരണ നടപടിയിലൂടെ പരിഗണനാ വിഷയത്തിൽ ഭേദഗതി വരുത്തി.

കരാറിൽ ഏർപ്പെട്ടതോടെ പൊതുഖജനാവിനുണ്ടായ നഷ്ടത്തിനും സംസ്ഥാന താൽപ്പര്യത്തിനു വിരുദ്ധമായ തീരുമാനമെടുത്തതിനും ഉത്തരവാദികളായവെര കണ്ടെത്തുകയെന്നതായിരുന്നു ഒന്നാമത്തേത്. ഇത് ഭേദഗതി ചെയ്ത് ‘‘സി ആൻഡ് എജിയുടെ കണ്ടെത്തലുകൾ അടിസ്ഥാനപ്പെടുത്തിയും കമ്മിഷന് പ്രസക്തമെന്ന് തോന്നുന്ന മറ്റു സാഹചര്യ തെളിവുകൾ പരിഗണിച്ചും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് ഒപ്പുവച്ച കരാർ സംസ്ഥാന താൽപ്പര്യത്തിന് എതിരാണെന്നോ പൊതു ഖജനാവിന് നഷ്ടം സംഭവിച്ചോയെന്നും അങ്ങനെ എങ്കിൽ ആ തീരുമാനം എടുത്തതിന് ഉത്തരവാദികൾ ആരെന്നും കണ്ടുപിടിക്കുക’’ എന്നാക്കി.

‘‘പൊതുതാൽപ്പര്യത്തിനെതിരും ക്രമക്കേടുള്ളതുമായ തീരുമാനമെടുത്തതിന് ഉത്തരവാദികളായവർക്കെതിരെ സ്വീകരിക്കാവുന്ന നിയമ നടപടി’’ എന്നതായിരുന്നു നാലാമത്തെ പരിഗണനാ വിഷയം. ഇത് ‘‘അഴിമതിയോ ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്തിയാൽ എടുക്കേണ്ട നിയമ നടപടി ശിപാർശ ചെയ്യുക’’ എന്നാക്കി.

മറ്റു പരിഗണനാ വിഷയത്തിലും കാതലായ മാറ്റമുണ്ട്.  കമ്മിഷൻ അന്വേഷണ ഗതി  മാറ്റുന്നതാണ് ഭേദഗതിയെന്നാണ് വിലയിരുത്തപെടുന്നത്. സി ആൻഡ്  എജി കണ്ടെത്തൽ പരിശോധിക്കാൻ അധികാരം വേണമെന്ന കമ്മിഷന്റെ ആവശ്യം പരിഗണിച്ചാണ് ഭേദഗതി ചെയ്യൽ. ഉമ്മൻചാണ്ടിയുടെ ആവശ്യത്തിൽ ഒന്നായിരുന്നു അത്. പക്ഷേ കമ്മിഷനിൽ ഹാജരാവുന്ന കക്ഷികളാരെയും ഭേദഗതി അറിയിച്ചിട്ടില്ല.

പുതിയ പരിഗണനാ വിഷയ പ്രകാരം വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് കക്ഷികളിൽ ഒരാളായ എ. ജോസഫ് വിജയൻ അഭിഭാഷകൻ മുഖാന്തിരം ആവശ്യപെട്ടു. തുടർന്ന് വാദങ്ങൾ അറിയിക്കാനുള്ളവർ ഓഗസ്റ്റ് 14 ന് മുമ്പ് അവ രേഖാമൂലമായി നൽകണമെന്ന് മാത്രം കമ്മ ഷൻ ഉത്തരവിട്ടു. കഴിഞ്ഞ യു ഡി എഫ് സർക്കാർ അദാനി പോർട്സ് ആൻഡ്  എസ് ഇ ഇസഡ് പ്രൈവറ്റ് ലിമിറ്റഡുമായി  കരാർ ഒപ്പുവെച്ചതു വഴി  സംസ്ഥാനത്തിന് കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് സി ആൻഡ് എജി കണ്ടെത്തിയത്.

ആരോപണം ഉന്നയിച്ച രാഷ്ട്രീയക്കാർ  ആരും ആ വഴിക്ക് വന്നില്ല

കരാറിൽ കോടികളുടെ ആരോപണം ഉന്നയിച്ച രാഷ്ട്രീയ നേതാക്കൾ ആരും കമ്മിഷനോട് സഹകരിച്ചില്ല. 6,000 കോടി അഴിമതി ഉന്നയിച്ച പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, വി.എം. സുധീരൻ അടക്കമുള്ളവർ കരാറിൽ അഴിമതി സംശയിച്ചവരാണ്. ഇവരെ പ്രതിനിധീകരിച്ച് ആരും കമ്മിഷന് മുന്നിൽ ചെന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലുമായി 26 സിറ്റിംഗ് നടന്നു. 2019 ജൂലൈ 26 നായിരുന്നു അവസാന സിറ്റിങ്. എ ജെ വിജയൻ, ജോസഫ് സി. മാത്യു, സി.ആർ. നീലകണ്ഠൻ എന്നിവരാണ് കരാറിനെതിരെ കമ്മിഷനിൽ മൊഴി നൽകുകയും വാദിക്കുകയും ചെയ്തത്. പി.സി. ജോർജിനുവേണ്ടി മകൻ ഷോൺ ജോർജ് ഒരു ദിവസം മാത്രം വന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിനെയും അഭിഭാഷകർ പ്രതിനിധീകരിച്ചു.

തുറമുഖ അനുകൂലിയായ ഏലിയാസ് ജോൺ സിറ്റിങ് തിരുവന്തപുരത്ത് വേണമെന്ന് പറഞ്ഞു. പക്ഷേ സിറ്റിങ്  നടത്തിയപ്പോൾ വന്നതുമില്ല. കരാർ അനുസരിച്ച് കാലാവധി പൂർത്തീകരിച്ച് പോകുമ്പോഴും അദാനിക്ക് വൻതുക ടെർമിനേഷൻ ഫീ നൽകണമെന്ന വ്യവസ്ഥ ഉണ്ടെന്ന് കേന്ദ്ര ആസൂത്രണ കമ്മിഷൻ മുൻ ഉപാധ്യക്ഷൻ ഗജേന്ദ്ര ഹാൽദിയ കമ്മിഷന് മുന്നിലാണ് സ്ഥിരീകരിച്ചത്. കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിലെ അഞ്ച് (എ) വ്യവസ്ഥ പ്രകാരം അന്വേഷണ ഏജൻസി രൂപീകരിക്കാനും ഉദ്യോഗസ്ഥരെ നിയമിക്കാനുമുള്ള അധികാരം കമ്മിഷൻ വിനിയോഗിച്ചില്ല.  കരാർ ബിഡിൽ പങ്കെടുത്ത രണ്ട് അന്താരാഷ്രട കമ്പനികൾ സിറ്റിങ്ങിന് ഹാജരാവാൻ കമ്മിഷൻ നിർദ്ദേശിച്ചത് പരിഗണിച്ചില്ല.

കമ്മിഷന്റെ കണ്ടെത്തലുകൾ

1.  യു ഡി എഫ് സർക്കാർ കാലത്ത് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ചത് അന്നത്തെ മന്ത്രിസഭ കൂട്ടുത്തരവാദിത്വത്തോടെ ആയിരുന്നു. എന്തെങ്കിലും തെറ്റായ തീരുമാനത്തിന് ആരെങ്കിലും ഉത്തരവാദികയാണെങ്കിൽ അത് മന്ത്രിസഭ മാത്രമാണ്. എല്ലാ തീരുമാനവും മന്ത്രിസഭ വിജ്ഞാപനം ചെയ്തു.അന്നത്തെ മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗമോ സ്വതന്ത്രമായി ഒരു തീരുമാനവും എടുത്തിട്ടില്ല. ആരെങ്കിലും അഴിമതി നടത്തിയതിയതായി കണ്ടെത്തതിനാലും തുറമുഖ കരാർ കാരണം സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചുവെന്ന് ആരെയും കുറ്റപ്പെടുത്താൻ കഴിയാത്തതിനാലും നിയമപരവും തിരുത്തൽപരവുമായ നടപടി ആവശ്യമില്ല.  ഉമ്മൻചാണ്ടിയും അദാനി ഗ്രൂപ്പും തമ്മിൽ കെ.വി. തോമസിന്റെ വീട്ടിൽ വച്ച് നടത്തിയ കൂടിക്കാഴ്ച  സർക്കാർ നിയന്ത്രണത്തിലുള്ള ഇത്തരം യോഗം നടത്താൻ എല്ലാ സൗകര്യങ്ങളുള്ള കേരള ഹൗസിൽ വച്ച് നടത്തിയിരുന്നങ്കിൽ ആക്ഷേപം ഒഴിവാക്കാമായിരുന്നു. എന്തെങ്കിലും ഗൂഢ ഇടപാട് നടന്നതിന്റെ തെളിവ് ലഭിച്ചില്ല.

എന്നാൽ, കടൽഭിത്തി, മൽസ്യബന്ധന തുറമുഖത്തിന്റെ നിർമാണം ഉൾപ്പെട്ട ഫണ്ടഡ് വർക്കുകളുടെ മൂല്യം 1210 കോടിയിൽ നിന്ന് 1463 കോടിയായി വർധിപ്പിച്ച ശേഷം അദാനി പോർടിന് മാത്രമായി കരാർ നൽകാതെ മൽസരാധിഷ്ടിത ടെണ്ടർ നടത്താമായിരുന്നു. മൽസരാധിഷ്ടിത ടെണ്ടർ നടത്താതെ സംസ്ഥാനത്തിന് ഗുണകരമായ കരാർ ലഭിക്കുമോയെന്ന് പറയാനാവില്ല. കരാറിന്റെ അവസാന ഘട്ടത്തിലെ മൽസരാധിഷ്ടിത ടെണ്ടറിന്റെ  അഭാവത്തിൽ സർക്കാറിന് കുറഞ്ഞ സാമ്പത്തിക പ്രതിബദ്ധതയിൽ പദ്ധതി നടപ്പാക്കാൻ കഴിയുമായിരുന്നോയെന്ന് വിലയിരുത്താനാവില്ല. മറ്റൊരു ടെണ്ടർ ക്ഷണിക്കാതെ കരാർ  ഒപ്പിടാനായിരുന്നു സർക്കാറിന് താൽപ്പര്യം. ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല എന്ന വാദമാണ് സർക്കാർ കമ്മിഷനു മുന്നിൽ  ഉയർത്തിയത്. കരാർ ഒപ്പിടുകയും പണികൾ ആരംഭിക്കുകയും ചെയ്തതിനാൽ തിരിച്ചുപോകാൻ സാധിക്കില്ല.  പദ്ധതി പൂർത്തിയാവാൻ വലിയ കാലയളവ് എടുക്കുകയും ഭാവിയിലെ വിവിധ കാര്യങ്ങളെ അധിഷ്ഠിതവുമായിരിക്കും എന്നിരിക്കെ കരാർ സംസ്ഥാനത്തിന് ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമാണോ ദോഷകരമാണോന്ന് പറയാൻ കാലത്തിന് മാത്രമേ കഴിയൂ.  കമ്മിഷന് ആവില്ല. പി പി പി പദ്ധതിയിൽ ഫണ്ടഡ് വർക്കായി ഉൾപ്പെടുത്തിയത് ശാസ്ത്രീയമായോ യുക്തിപൂർവമോ അല്ല. അതിന്റെ ചെലവിന് അതിമൂല്യമാണ് കണക്കാക്കിയതെന്ന ആരോപണം തള്ളികളയാനാവില്ല.

2. വിഴിഞ്ഞം കരാറിൽ പദ്ധതി ആസ്തി പണയം വയ്ക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ അനുവദിക്കുന്നത് അടക്കം മൂന്ന് വ്യവസ്ഥകൾ സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധം. ടെർമിനേഷൻ പേയ്മെൻറ് വ്യവസ്ഥ, കരാറുകാരനെ തിരഞ്ഞെടുത്ത ശേഷം  പദ്ധതിയിൽ സുപ്രധാന മാറ്റം വരുത്തിയത് എന്നിവയാണ് മറ്റ് രണ്ട് വ്യവസ്ഥകൾ. ഈ മൂന്ന് വ്യവസ്ഥകൾക്കെതിരായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിരീക്ഷണത്തോട് യോജിക്കുന്നു.

പദ്ധതിക്കായി സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് പണയം വെക്കാൻ ഇടനൽകും. ഇത് സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണ്. പി പി പി പദ്ധതിയുടെ ചെലവ് സംസ്ഥാനവും സ്വകാര്യ കരാറുകാരും തമ്മിൽ പങ്കുവെക്കുന്നതിനെ അട്ടിമറിക്കുന്നതുമാണ്. ഭൂമി ഉൾപെടെ പദ്ധതി ആസ്തി വായ്പക്ക് പണയം വയ്ക്കണമെന്ന് കരാറുകാർ ഉന്നയിച്ചാൽ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനാണ്.

കരാർ കാലാവധി കഴിയുമ്പോൾ അദാനി പോർട്ടിന് പോർട്ട് എസ്റ്റേറ്റ് വികസനത്തിന്റെ ഉപകരാറും അതിന്റെ അവകാശവും നൽകുന്നത് സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമെന്നതിൽ സംശയമില്ല. കരാർ അവസാനിച്ചശേഷവും കരാറുകാർക്ക് ഉപ കരാർ നൽകാനുള്ള അവകാശം പാടില്ല. പോർട്ട് എസ്റ്റേറ്റിന്റെ എല്ലാ അവകാശവും മൂന്നാം കക്ഷി അനുഭവിക്കും. അദാനി പോർട്ടിന് അനാവശ്യമായി നൽകിയ ആനുകൂല്യമാണിത്. വാണിജ്യ, ഗാർഹിക ആവശ്യങ്ങൾക്കുള്ള പോർട്ട് എസ്റ്റേറ്റ് വികസനത്തിൽ കൃത്യത വേണമായിരുന്നു.  സർക്കാറിന്റെ മുൻകൂർ അനുമതി വേണമായിരുന്നു.

Vizhinjam Port , iemalayalam

കരാർ കാലാവധി അവസാനിക്കുമ്പോൾ അവസാന മാസം ലഭിച്ച റിയലൈസബിൾ ഫീയുടെ 30 മടങ്ങ് സംസ്ഥാന സർക്കാർ നൽകണമെന്ന ‘ടെർമിനേഷൻ പേയ്മെൻറ്‘ വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ല. കരാർ കാലാവധിയായ 40 വർഷം പൂർത്തിയാവുമ്പോൾ തുറമുഖം കൈമാറുമ്പോൾ അദാനി പോർട്ടിന് ടെർമിനേഷൻ പേയ്മെൻറായി 19,555 കോടി രൂപ നൽകണം. ഇത് കരാറുകാരനുള്ള അനാവശ്യ ആനുകൂല്യമാണ്. കരാറുകാരുടെ  ഭാഗത്തുനിന്ന് തെറ്റില്ലാതിരിക്കെ കരാർ റദ്ദാക്കുകയോ കാലാവധി അവസാനിക്കും മുമ്പ് കരാർ റദ്ദാക്കുകയോ ചെയ്താൽ മാത്രമേ ടെർമിനേഷൻ ഫീ എന്നത് നീതീകരിക്കാൻ ആവൂ. ടെർമിനേഷൻ ഫീ നഷ്ടപരിഹാര സ്വഭാവമുള്ളതാണ്.  സർക്കാർ വാദം അംഗീകരിക്കാനാവില്ല. സി ആൻഡ് എജിയുടെ കാഴ്ചപാട് തത്ത്വത്തിൽ അംഗീകരിച്ചു.  

കരാറുകാരനെ തിരഞ്ഞെടുത്ത ശേഷം പദ്ധതിയിൽ പ്രധാന മാറ്റം വരുത്തിയപ്പോൾ സർക്കാർ ടെണ്ടർ റദ്ദാക്കി പുതിയ ടെണ്ടർ നടപടിയിലേക്ക് കടക്കണമായിരുന്നു. മൽസരാധിഷ്ടിത കരാറല്ല നൽകിയയതെന്ന സി ആൻഡ്  എജി നിരീക്ഷണത്തോട് യോജിക്കുന്നു. പുതിയ ടെണ്ടറിന് തുനിഞ്ഞിരുന്നു വെങ്കിൽ കൂടുതൽപേർ ഒരുപക്ഷേ പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചേനെ.

3.വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി അടക്കം അദാനിക്ക് പണയംവെച്ച് വായ്പ കരാറിന്റെ ഭാഗമായത് മുൻ യു ഡി.എഫ് സർക്കാറിന്റെ സമ്മർദ്ദത്തിനൊടുവിലെന്ന് കമ്മിഷൻ പറഞ്ഞു. എംപവേഡ് കമ്മിറ്റി ആദ്യം തള്ളിയ ഈ വ്യവസ്ഥ നിർബന്ധപൂർവം പിന്നീട് സമ്മതിപ്പിക്കുകയായിരുന്നു.

വായ്പ ഉടമ്പടി പ്രകാരം പദ്ധതിക്കായി സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് പണയം വെക്കാം. ഫണ്ടഡ് വർക്കുകകളും മൽസ്യബന്ധന തുറമുഖവും ഒഴികെ പദ്ധതി പ്രദേശത്തെ ആസ്തി മുഴുവനും പണയം വെച്ച് വായ്പ എടുക്കാവുന്നതാണ്. കരാറിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തെ 2015 മാർച്ച് 17 ന് ചേർന്ന എംപവേഡ് കമ്മിറ്റി തള്ളി. നിയമ, ധനകാര്യ കൺസൾട്ടന്റുമാരുടെ ഉപദേശപ്രകാരമായിരുന്നു ഈ തീരുമാനം.  എന്നാൽ 2015 ഏപ്രിൽ ഏഴിന് ചേർന്ന വിഴിഞ്ഞം തുറമുഖ കമ്പനി ഡയറക്ടർ ബോർഡ് യോഗം അന്നത്തെ മാനേജിങ് ഡയറ്കടറോട് എംപവേഡ് കമ്മിറ്റിയെ അനുമതി നൽകാനായി പ്രേരിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. വിഴിഞ്ഞം തുറമുഖ ബോർഡിനെ നിയന്ത്രിച്ചിരുന്നത് മന്ത്രിസഭയാണെന്നും ഇൗ വ്യവസ്ഥ കരാറിൽ ഉൾപെടുത്തണമെന്ന അദാനിയുടെ അപേക്ഷക്ക് വഴങ്ങിയായിരുന്നു ഈ  നടപടിയെന്നും അന്വേഷണ കമ്മിഷൻ പറയുന്നു.

കരാറുകാരന് ആസ്തി പണയം വെക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ തന്നെ വെള്ളം ചേർക്കലായി. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും ഉൾപ്പടെ നിക്ഷേപ ചെലവ് സർക്കാറും സ്വകാര്യ പങ്കാളിയുമായി 68: 32 അനുപാതത്തിലാണ് പങ്കുവെക്കുന്നത്. സ്വകാര്യ പങ്കാളി കടമെടുക്കുന്ന ഫണ്ടാണ് അവരുടെ നിക്ഷേപ പങ്ക്. എന്നാൽ സർക്കാർ ഭൂമി പണയം വെച്ച് തുക കണ്ടെത്തുന്നതിനെ അവരുടെ നിക്ഷേപ പങ്കെന്ന് പറയാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ലേലം ചെയ്യുന്നത് സർക്കാർ ഭൂമിയാവും. സർക്കാറും സ്വകാര്യ പങ്കാളിയും തമ്മിൽ നിക്ഷേപത്തിലുള്ള പങ്കാളിത്ത അനുപാതത്തെ അട്ടിമറിക്കുന്നതാണ് ഈ വ്യവസ്ഥ. തർക്കത്തിന് തന്നെ ഇടംവെക്കാവുന്ന താണ് പണയം വെയ്ക്കൽ വ്യവസ്ഥ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുറംകടലിൽ നിർമിക്കുന്ന പുലിമുട്ടിന് വേണ്ടി വരിക 75 ലക്ഷത്തോളം ടൺ പാറയാണ്.

4. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു വേണ്ടി മൽസരാധിഷ്ടിത ടെണ്ടർ ഒഴിവാക്കി അദാനിക്ക് മാത്രമായി കരാർ  നൽകിയത് ശരിയായില്ല.  അദാനി മാത്രം യോഗ്യത നേടിയശേഷം പദ്ധതിയിൽ   മാറ്റങ്ങൾ വരുത്തിയ സർക്കാർ ടെണ്ടർ നടപടി റദ്ദാക്കി പുതിയ ടെണ്ടർ ക്ഷണിക്കണമായിരുന്നു. വിഴിഞ്ഞം കരാർ മൽസരാധിഷ്ടിത ടെണ്ടറിലൂടെ അല്ലായിരുന്നുവെന്ന സി ആൻഡ് എജിയുടെ  വീക്ഷണത്തോട് യോജിക്കുന്നു.

ഇതുപോലുള്ള പദ്ധതി കരാർ നൽകുന്നത് നീതിപൂർവകവും സുതാര്യവുമായ രീതിയിൽ ഏറ്റവും കുറഞ്ഞ തുക പദ്ധതി ചെലവ് വരുന്ന മൽസരാധിഷ്ടിത ടെണ്ടർ വഴി ആയിരിക്കണം. നിർഭാഗ്യവശാൽ നേരെ മറിച്ചാണ് സംഭവിച്ചത്. ഇതാണ് സി ആൻഡ് എജിയുടെ കടുത്ത പരാമർശത്തിന് ഇടയാക്കിയത്. അദാനിക്ക് മാത്രം കരാർ കൊടുത്തതിൽ നിയമ പ്രശ്നം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ സർക്കാർ ശരിയായ നടപടിക്രമം സ്വീകരിച്ചുവോന്നതാണ് പ്രശ്നം. ബിഡർമാരെ കണ്ടെത്താനുള്ള ടെണ്ടർ നടപടി ആരംഭിക്കുമ്പോൾ വിഭാവനം ചെയ്തതും പരസ്യം നൽകിയതുമായ പദ്ധതി വേറൊന്നായി മാറി. സർക്കാറിനെ അനുകൂലിക്കുന്നവർ പോലും ഇതിനോട് യോജിച്ചു.

പത്ര പരസ്യം നൽകുമ്പോൾ പദ്ധതി രണ്ട് ഭാഗമായിരുന്നു. പക്ഷേ ടെണ്ടർ നടപടി പൂർത്തീകരിച്ചശേഷം പി പി പി പദ്ധതിക്കൊപ്പം കടൽഭിത്തി, മൽസ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ഉൾപെട്ട ഫണ്ടഡ് വർക്കുകൾ ഉൾപെടുത്തി. ഫണ്ടഡ് വർക്കിന്റെ മൂല്യം 1210 കോടിയിൽ നിന്ന് 1463 കോടിയായി വർധിപ്പിച്ചത് അദാനിയുടെ അഭ്യർത്ഥനയെ തുടർന്നാണ്. പദ്ധതി ചെലവ് 3972 കോടിയിൽ നിന്ന് 4089 കോടിയാക്കി. ആസ്തികൾ പണയം വെച്ച് വായ്പ എടുക്കാനുള്ള വ്യവസ്ഥയും അദാനിയുടെ ആവശ്യ പ്രകാരമാണ് ഉൾപ്പെടുത്തിയത്. അദാനി ടെണ്ടർ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി അവരോട് അഭ്യർത്ഥിച്ചു. ബാക്കിയുള്ള രണ്ട് ടെണ്ടർമാരിൽ ഒരാൾക്ക് പങ്കാളിയെ നഷ്ടപ്പെട്ടപ്പോൾ മൂന്നാമത്തെ ടെണ്ടർക്ക് താൽപ്പര്യം തന്നെ നഷ്ടപെട്ടു.  

അദാനി പോർട്ടിന് മാത്രമായി കരാർ നൽകാതെ മൽസരാധിഷ്ടിത ടെണ്ടർ  നടത്താമായിരുന്നു. മൽസരാധിഷ്ടിത ടെണ്ടർ നടത്താതെ സംസ്ഥാനത്തിന് ഗുണകരമായ കരാർ ലഭിക്കുമോന്ന് പറയാനാവില്ല. കരാറിന്റെ അവസാന ഘട്ടത്തിലെ മൽസരാധിഷ്ടിത ടെണ്ടറിന്റെ അഭാവത്തിൽ സർക്കാറിന് കുറഞ്ഞ സാമ്പത്തിക  പ്രതിജ്ഞാബദ്ധതയിൽ പദ്ധതി നടപ്പാക്കാൻ കഴിയുമായിരു ന്നോയെന്ന് വിലയിരുത്താനാവില്ല. മറ്റൊരു ടെണ്ടർ ക്ഷണിക്കാതെ കരാർ   ഒപ്പിടാനായിരുന്നു സർക്കാറിന് താൽപര്യം. ‘ഇപ്പോഴല്ലെങ്കിൽ ഒരിക്കലുമില്ല’ എന്ന വാദമാണ് സർക്കാർ അനുകൂലികൾ കമ്മിഷന് മുന്നിൽ   ഉയർത്തിയത്. കരാർ  സംസ്ഥാനത്തിന് ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമാണോ ദോഷകരമാണോന്ന് പറയാൻ കാലത്തിന് മാത്രമേ കഴിയൂ.  പി പി പി പദ്ധതിയിൽ ഫണ്ടഡ് വർക്ക് ഉൾപ്പെടുത്തിയത് ശാസ്ത്രീയമായോ യുക്തിപൂർവ്വമോ അല്ല. അതിന്റെ ചെലവിന് അതിമൂല്യമാണ് കണക്കാക്കിയതെന്ന ആരോപണം തള്ളികളയാനാവില്ല.

തുറമുഖ പദ്ധതി ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു?

തുറമുഖ നിർമ്മാണ കരാർ പ്രകാരം അദാനി പാലിക്കേണ്ട പ്രധാന വ്യവസ്ഥകൾ ഇപ്രകാരമായിരുന്നു. ആദ്യഘട്ട നിർമ്മാണ കാലയളവായ നാല് വർഷം (1460 ദിനങ്ങൾ) ഉൾപടെ 40 വർഷമാണ് കരാർ കാലയളവ്. കരാറിൽ നിഷ‌ക്കർഷിച്ച പ്രകാരം വിവിധ ഘട്ടങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി തുറമുഖ പ്രവർത്തനവും പരിപാലനവും നടത്തി, കരാർ കാലയളവിന് ശേഷം തുറമുഖം സർക്കാറിന് കൈമാറണം. പദ്ധതി നിർമ്മാണം വൈകുകയാണെങ്കിൽ പൂർത്തീകരണത്തിനായി 90 ദിവസത്തെ ഗ്രേസ് കലായളവും 180 ദിവസം പിഴയോടു കൂടിയും അധിക സമയം നൽകാനും വ്യവസ്ഥയുണ്ട്.

കരാർ പ്രകാരം 2015 ഡിസംബർ അഞ്ചിന് ആരംഭിച്ച തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019 ഡിസംബർ മൂന്നിന് പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറ സമയബന്ധിതമായി ലഭ്യമാക്കാൻ കമ്പനിക്ക് കഴിയാതെ വന്ന സാഹചര്യത്തിൽ നിർണ്ണായക ഘടകമായ പുലിമുട്ട് നിർമ്മാണം വൈകുകയും അതുകാരണം നിശ്ചിത തീയതിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ അദാനി കമ്പനിക്ക് സാധിച്ചില്ല. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കാത്ത പക്ഷം ആദ്യ 90 ദിവസം (ഗ്രേസ് പീരിഡ്) പിഴ ഈടാക്കാതെയും തുടർന്നുള്ള ക്യൂർ പീരിയഡിൽ 12 ലക്ഷം രൂപ പ്രതിദിനം പിഴയോടു കൂടിയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. പിഴ ഈടാക്കാൻ സംസ്ഥാന സർക്കാർ നോട്ടീസ് നൽകിയതിനെ തുടർന്ന് കരാറിൽ പറഞ്ഞത് പ്രകാരം ആർബിട്രേഷനെ സമീപിച്ചു കഴിഞ്ഞു.

തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല്  സമയബന്ധിതമായി ലഭ്യമാക്കാൻ കരാർ കമ്പനിക്ക് കഴിയാത്തത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് സർക്കാരും  സമ്മതിക്കുന്നു. സർക്കാർ നിയമസഭയിൽ വെച്ച കണക്ക് പ്രകാരം ഏകദേശം 29.87 ലക്ഷം ടൺ കരിങ്കല്ലാണ് പുലിമുട്ട് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. പദ്ധതിക്കായി ലഭ്യമാക്കിയ 39.78 ലക്ഷം ടൺ പാറയിൽ 13.36 ലക്ഷം ടൺ (33%)  തമിഴ്നാട്ടിൽ നിന്നാണ് ലഭ്യമാക്കിയത്.

സമരവും രാഷ്ട്രീയവും

അദാനി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് ലത്തീൻ കത്തോലിക്ക സഭ പിന്തുണ നൽകുന്നുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കരായ മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്തുള്ളത് എന്നതിനാലാണ് സഭയ്ക്ക് ഇവിടെ രംഗത്തിറങ്ങേണ്ടി വന്നത്. എന്നാൽ, ചില ഭാഗങ്ങളിൽ മുസ്‌ലിം മത്സ്യത്തൊഴിലാളികൾ ധീവര വിഭാഗത്തിൽപ്പെട്ടവർ എന്നിവരുമുണ്ട്. അവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലെന്തെങ്കിലും രാഷ്ട്രീയ താൽപ്പര്യം സഭയ്ക്കോ മത്സ്യത്തൊഴിലാളികൾക്കോ ഉണ്ടോ എന്ന് ആരോപണം ഭരിക്കുന്ന പാർട്ടിക്കാരോ പ്രതിപക്ഷമോ ആത്മാർത്ഥമായി ഉന്നയിക്കാൻ സാധ്യതയില്ല. അതിന് പ്രധാന കാരണം, ആ സമരത്തിൽ അധികാരവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയപാർട്ടിക്കാരെയും അവർ കണ്ണടച്ച് വിശ്വസിക്കുന്നില്ല എന്നതാണ്.

Vizhinjam Port , iemalayalam

കരാർ ഒപ്പിട്ട കോൺഗ്രസ് നേതൃത്വം നൽകിയ യു ഡി എഫുകാർ സമരത്തിൽ തങ്ങൾക്ക് മുതലെടുക്കാമെന്നുള്ള വ്യാമോഹവുമായി എത്തിയെങ്കിലും സമരക്കാർ അവരോട് കൃത്യമായ അകൽച്ച പാലിച്ചു. സമരത്തിന് പിന്തുണ കൊള്ളാം പക്ഷേ, തങ്ങളുടെ ഈ അധോഗതിക്ക് കാരണം യു ഡി എഫിന്റെ കാലത്തെ കൈയ്യൊപ്പാണ് എന്നവർ ഉറപ്പിക്കുന്നു. അതിന് ശേഷം വന്ന എൽ ഡി എഫിനെയും അവർ വിശ്വാസത്തിലെടുക്കുന്നില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ  അദാനിക്ക് തുറമുഖം നിർമ്മാണത്തിന് നൽകിയ അനുമതിയിൽ അഴിമതി ആരോപണം ഉന്നയിച്ചവർ അധികാരത്തിലെത്തിയപ്പോൾ ഭരണം എന്നത് സർക്കാരിന്റെ തുടർച്ചയാണ് എന്ന വാദമുയർത്തി തുറമുഖ നിർമ്മാണത്തിന് ഒപ്പമായി. അദാനിയായതിനാൽ ബി ജെപിയുടെ കാര്യം പറയുകയും വേണ്ട. ഇത് സമര നേതാക്കളുടെ അഭിപ്രായമല്ല, മറിച്ച് സമരത്തിൽ പങ്കെടുക്കുന്ന ആരോട് ചോദിച്ചാലും കിട്ടുന്ന ഉത്തരം ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. അതേ സമയം സംസ്ഥാന സർക്കാരിനെതിരെ നിശിതമായ വിമർശനം ഉന്നയിക്കുന്നതിൽ നിന്നും അവർ പിന്നാക്കം പോകുന്നുമില്ല.

ഈ പറയുന്ന മൂന്ന് രാഷ്ട്രീയ പാർട്ടി, മുന്നണി നേതൃത്വങ്ങളും വികസനം എന്ന ഒറ്റമുഖ അജണ്ടയുടെ അപ്പോസ്തലന്മാരാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എന്ന വാക്ക് മാത്രമാണ് ഇതിൽ പറയുന്നത്. കേരളത്തിൽ വികസന പദ്ധതികൾക്കായി നടന്ന കുടിയൊഴിപ്പിക്കലുകളിലൊക്കെ സാധാരണ മനുഷ്യർ, പ്രത്യേകിച്ച്, ആദിവാസി, ദലിത് മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർ എന്നിവരാണ് ഉൾപ്പെട്ടത്. അവർക്ക് അതിന് തക്ക നഷ്ടപരിഹാരമോ ആനുകൂല്യമോ ലഭിച്ചട്ടില്ല എന്നത് ചരിത്രപരമായ വസ്തുതയാണ്. വൈറ്റിലയിൽ നിയമവിരുദ്ധമായി നിർമ്മിച്ച ഫ്ലാറ്റ് സുപ്രീം കോടതി വിധി പ്രകാരം പൊളിച്ചപ്പോൾ പറഞ്ഞ നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള വാദമോ അത് നൽകാനുള്ള സർക്കാർ സംവിധാനങ്ങളുടെ താൽപ്പര്യമോ വല്ലാർപാടത്തുണ്ടായില്ല എന്നത് വസ്തുതാപരമായി നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെതിരെയുള്ള വിമർശനം, സർക്കാരിനെ കുറിച്ചും ഭരണ, പ്രതിപക്ഷ പാർട്ടികളിലും ഉള്ള വിശ്വാസം ഇവിടുത്തെ ജനങ്ങൾക്ക് നഷ്ടമായി കഴിഞ്ഞു എന്ന് സമര സ്ഥലത്ത് നിൽക്കുമ്പോൾ അനുഭവപ്പെടും.

എല്ലാ രാഷ്ട്രീയ പാർട്ടികളും വികസനം എന്ന വാദം മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. അതേ സമയം ആ വികസനം സൃഷ്ടിക്കുന്ന പ്രതിസന്ധികളും തകർച്ചകളും എന്താണെന്ന് അവർ ആലോചിക്കുകയോ പഠിക്കുകയോ പരിശോധിക്കുയോ ചെയ്യുന്നില്ല. അത് വല്ലാർപാടം ആയിക്കോട്ടെ  വിഴിഞ്ഞം ആയിക്കോട്ടേ. കുറേ സ്ഥലമെടുപ്പും നിർമാണങ്ങളും മാത്രമാണ് ഭരണ സംവിധാനങ്ങൾക്കും അതിന് ഭാഗമായി നിൽക്കുന്ന പാർട്ടികൾക്കും വേണ്ടതെന്നും സമരത്തിന് പിന്തുണയുമായി എത്തിയവർ ആരോപിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vizhinjam port facts and controversies