തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നേതാക്കൾ തമ്മിൽ വാക്‌പോര്. മുൻ കെപിസിസി അദ്ധ്യക്ഷൻ വി.എം.സുധീരനും മുതിർന്ന നേതാവ് കെ.മുരളീധരനും തമ്മിലാണ് വാക്പോര് നടന്നത്.

വിഴിഞ്ഞം കരാർ പാർട്ടി ചർച്ച ചെയ്തിട്ടല്ല ഒപ്പിട്ടതല്ലെന്ന വിഎം സഉധീരന്റെ പ്രസ്താവന കെ.മുരളീധരനെ ചൊടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ച് ചോദിച്ച മുരളീധരൻ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിഴിഞ്ഞം കരാർ നേട്ടമായി ഉയർത്തിക്കാട്ടിയിരുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ ഭരണ നേട്ടമായി വിഴിഞ്ഞം കരാറിനെ ഉയർത്തിക്കാട്ടിയാണ് പാർട്ടി ജനങ്ങളോട് വോട്ട് ചോദിച്ചതെന്നും ഇതിന്റെ ഫലമാണ് തിരുവനന്തപുരത്തെ ഫലത്തിൽ ഉണ്ടായതെന്നും കെ.മുരളീധരൻ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും മികച്ച വികസന പദ്ധതിയാണ് വിഴിഞ്ഞം കരാറെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലുണ്ടായത്. ഏതെങ്കിലും ക്രമക്കേടുണ്ടെങ്കിൽ കരാർ റദ്ദാക്കാനുള്ള അവകാശമുണ്ടെന്ന് സമിതിയിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

അഴിമതി ഉണ്ടെന്ന് പറയുമ്പോഴും കരാറുമായി മുന്നോട്ട് പോകുന്നത് സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസ്സൻ പറഞ്ഞു.

പദ്ധതി സംസ്ഥാന സർക്കാരിന് നഷ്ടമാണെന്ന് കാട്ടി സിഎജി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് വിഴിഞ്ഞം കരാർ വിവാദത്തിലായത്. ഇതോടെ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മർദ്ദത്തിലായി.

സി.എ.ജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിഴിഞ്ഞത്തെ എല്ലാ നിർമാണ ജോലികളും നിർത്തിവയ്ക്കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണം ഉയര്‍ന്നത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം ബര്‍ത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ആരോപണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അഴിമതി ഉണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക ഖണ്ഡികയിലാണ് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സിഎജി റപ്പോർട്ടിൽ വ്യക്തമാക്കിയത്. നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കരാറിന്റെ കാലാവധി 40 വർഷമാക്കിയതിലൂടെ അദാനി ഗ്രൂപ്പിന് അധിക വരുമാനമുണ്ടാക്കാൻ സാധിക്കുമെന്ന് സിഎജി വ്യക്തമാക്കി.

29217 കോടി രൂപ പദ്ധതിയിലൂടെ അദാനി ഗ്രൂപ്പിന് അധികമായി ലഭിക്കുമെന്നാണ് സിഎജിയുടെ കണ്ടെത്തൽ. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാലാവധി 30 വർഷമാണെന്നിരിക്കെ വിഴിഞ്ഞം കരാറിന് 40 വർഷം കാലാവധി നിശ്ചയിച്ചത് സർക്കാരിന് അധികബാദ്ധ്യതയാണെന്ന് സിഎജി വിലയിരുത്തി.

സാധാരണ ഗതിയിൽ ഗ്രീൻ ഫീൽഡ് പദ്ധതികളേക്കാൾ പത്ത് വർഷം കാലാവധി അധികമായി നൽകിയത് ഭാവിയിൽ അഴിമതി കേസിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടി. പദ്ധതിയുടെ ഓഹരി ഘടനയിലും അദാനി ഗ്രൂപ്പിന് അധിക നേട്ടമുണ്ടാക്കാൻ സാധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.