/indian-express-malayalam/media/media_files/uploads/2022/08/Vizhinjam-Strike.jpg)
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം സംഘര്‍ഷഭരിതമായി. സമരത്തിന്റെ നാലാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ കടന്നു.
എന്നാല്‍ പൊലീസ് ഇടപെട്ട് സമരക്കാരെ അനുനയിപ്പിക്കുകയും സാഹചര്യം നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുള്ള നിലപാട് സമരക്കാര്‍ ആവര്‍ത്തിച്ചു. പൊലീസിനെതിരെയും സമരക്കാര്‍ തിരിഞ്ഞിരുന്നു.
അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് ഉപരോധസമരത്തിന് നേതൃത്വം നൽകുന്നത്. അതേസമയം, ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ചയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ പറഞ്ഞു. ചര്‍ച്ച നടക്കുന്നത് നല്ല കാര്യമാണെന്നുമായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്.
"ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിനാണ്. നിര്‍മ്മാണം നിര്‍ത്തി വച്ച് ചര്‍ച്ച എന്ന ഉപാധി വയ്ക്കുന്നത് ശരിയല്ല. സര്‍ക്കാര്‍ നല്‍കിയ വാഗ്ധാനങ്ങള്‍ നിറവേറ്റിയില്ലെന്നത് സത്യമാണ്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായവര്‍ക്ക് പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണം," തരൂര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സമരം ശക്തമായിരിക്കുന്നത്. തുറമുഖ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണം ഉണ്ടാക്കുന്നുവെന്നും വീടുകള്‍ നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ സമരം ചെയ്യുന്നത്. സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ള നേതാക്കള്‍ വിഴിഞ്ഞത്ത് എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.