തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്രെ ചുമതലയുണ്ടായിരുന്ന അദാനി പോർട്സ് സിഇഒ രാജിവച്ചു. സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട സന്തോഷ് മഹാപത്രയാണ് രാജിവച്ചത്. പുതിയ സിഇഒ ആയി രാജേഷ് ഝായെ നിയമിക്കും. സന്തോഷ് മഹാപാത്ര ഉപദേശകനായി തുടരും. വ്യക്തിപരമായ കാരണങ്ങളാലാണ്  രാജിയെന്ന് സന്തോഷ് മഹാപത്ര പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻഷിപ്പ്മെന്ര് പോർട്ട് എന്ന നിലയിലാണ് വിഴിഞ്ഞത്തെ ഉയർത്തിക്കാട്ടിയിരുന്നത്. ആയിരം ദിവസത്തെ  കാലാവധി കൊണ്ട് ഇവിടുത്തെ പണി തീരുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പല കാരണങ്ങളാൽ പണി വൈകുന്നതാണ് രാജിക്ക് കാരണമെന്ന് വാർത്ത വന്നിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്ന് സന്തോഷ് മഹാപത്ര ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്രർനാഷണൽ സീ പോർട്ട് ലിമിറ്റഡ് കമ്പനിയുമാണ് വിഴിഞ്ഞ തുറമുഖത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

ഓഖി പ്രകൃതി ദുരന്തവും നിർമ്മാണ പ്രവർത്തനത്തിനായുളള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും കാരണം നിർമ്മാണ പ്രവർത്തനങ്ങൾ വൈകുകയാണെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിഇഒയുടെ രാജി. പദ്ധതി പൂർത്തിയാക്കാൻ പ്രഖ്യാപിച്ചിരുന്ന തീയതിക്ക് ഇനി എട്ട് മാസമാണ് അവശേഷിക്കുന്നത്. അതിനിടയിലാണ് പുതിയ സംഭവവികാസം. ആയിരം ദിവസങ്ങൾ കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ സിഇഒയുടെ രാജി പദ്ധതി പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.  ഇതേസമയം, അദാനി ഗ്രൂപ്പ് നിർമ്മാണം പൂർത്തിയാക്കാൻ കാലാവധി നീട്ടി ചോദിക്കുമെന്നുമുളള വാർത്തകളുണ്ട്.  ജിഎസ്ടി വന്നതും നിർമ്മാണ സാമഗ്രഹികളുടെ വില വർധനവും നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് സൂചനയും ഉണ്ട്.

വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശ വാസികളുടെ പ്രതിഷേധം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. തദ്ദേശവാസികളുടെ ജീവിതമാർഗമായ മത്സ്യബന്ധനത്തെ ബാധിക്കുന്നതും അവരുടെ കടലിലെ അവകാശം നിഷേധിക്കപ്പെടുന്നതും  പരിസ്ഥിതി വിഷയവുമാണ്  അവർ ഉന്നയിക്കുന്നത്. ഇതുപോലെ തന്നെ കരിങ്കല്ലിനും മറ്റുമായി കുന്നിടിക്കുന്ന പാരിസ്ഥിതിക പ്രശ്നവും നേരത്തെ പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ചിരുന്നു. ജില്ലയിലെ നിലവിലത്തെ സാഹചര്യത്തിൽ മുഴുവൻ സാധ്യതകളും ചൂഷണം ചെയ്താലും  ഇവിടുത്തെ നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ കരിങ്കല്ല് കിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.  എന്നാൽ അതെല്ലാം മറികടന്നായിരുന്നു പദ്ധതി ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.