തൃശൂര്‍: യുവതിയുടെ ഫോണ്‍ സന്ദേശത്തോട് യഥാസമയം പ്രതികരിച്ച പൊലീസ് സാഹസികമായി രക്ഷിച്ചത് യുവാവിന്റെ ജീവന്‍. വിയ്യൂര്‍ പൊലീസാണ് ആത്മഹത്യയ്‌ക്കൊരുങ്ങിയ നാല്‍പ്പത്തി രണ്ടുകാരന്റെ രക്ഷകരായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം.

വിയ്യൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുറ്റിമുക്കിന് സമീപത്തെ ഒരു വീട്ടിലെ യുവാവ് ആത്മഹത്യയ്‌ക്കൊരുങ്ങുന്ന വിവരം പെണ്‍സുഹൃത്താണ് രാത്രി പതിനൊന്നോടെ എസ്എച്ച്ഒ ഡി. ശ്രീജിത്തിനെ അറിച്ചത്. ഈ സമയം അദ്ദേഹം മനുഷ്യാവകാശ കമ്മിഷന്റെ ഹിയറിങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേയ്ക്കുളള യാത്രയിലായിരുന്നു.  ശ്രീജിത്ത് ഉടന്‍ കുറ്റിമുക്ക് ക്ഷേത്രത്തില്‍ ഉത്സവഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഡി.സെല്‍വകുമാറിനെ വിവരമറിയിച്ചു.

Read Also: Explained: പക്ഷിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ജാഗ്രത വേണം

ക്ഷേത്രത്തില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുളള പളളത്ത് ലെയിനിലെ യുവാവിന്റെ വീട്ടിലേക്ക് സെല്‍വകുമാറും ഡ്രൈവര്‍ പി.സി ഷിനുമോനും ഹോം ഗാര്‍ഡ് ജസ്റ്റിന്‍ ഡേവിഡും ഉള്‍പ്പെട്ട പൊലീസ് സംഘം എത്തി. ഉത്സവമായതിനാല്‍ പലവീടുകളിലും ആള്‍ക്കാര്‍ ഉറങ്ങാതിരുന്നതിനാല്‍ മിനിട്ടുകള്‍ കൊണ്ടു വീട് കണ്ടുപിടിക്കാനായി.

ഗേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കി വിളിച്ചെങ്കിലും കുരച്ചുകൊണ്ട് ചാടിയെത്തിയത് മുന്തിയ ഇനത്തില്‍പ്പെട്ട രണ്ട് വളര്‍ത്തുനായ്ക്കളായിരുന്നു. പിന്നാലെ പ്രായമായ സ്ത്രീയും പത്ത് വയസുള്ള കുട്ടിയുമെത്തി. നായ്ക്കളെ കൂട്ടിലാക്കിയ ശേഷം ഗേറ്റ് തുറക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തന്നെകൊണ്ട് ആവില്ലെന്നും മകനാണ് നായ്ക്കളെ നോക്കുന്നതെന്നും അയാളെ വിളിക്കാമെന്നും സ്ത്രീ പറഞ്ഞു.

കാര്യത്തിന്റെ ഗൗരവം പറഞ്ഞാല്‍ അവര്‍ പരിഭ്രാന്തയാകുമെന്നറിയാമായിരുന്നതിനാല്‍ വേഗം മകനെ വിളിക്കാന്‍ പോലീസ് അവരോട് ആവശ്യപ്പെട്ടു. അവര്‍ വിളിച്ചപ്പോള്‍ യുവാവായ മകന്‍ ഇറങ്ങിവന്നു. ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ വരാമെന്നു പറഞ്ഞ് അയാള്‍ തിരികെ വീടിനകത്തേക്കു പോയി. അപ്പോഴും പട്ടികള്‍ ശൗര്യത്തോടെ പൊലീസിനെ നോക്കി കുരച്ചുകൊണ്ട് ഗേറ്റിലുണ്ടായിരുന്നു.

Read Also: ഷഫാലി കപ്പ് മുഖ്യം; ഇന്ത്യൻ ടീമിന് സാരിയുടുത്ത് ബാറ്റേന്തിയ മിതാലിയുടെ സന്ദേശം

അഞ്ച് മിനിട്ട് കഴിഞ്ഞ് ആവര്‍ത്തിച്ച് വിളിച്ചിട്ടും ആരും പുറത്തേയ്ക്ക് വരാത്തതിനാല്‍ പൊലീസ് ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ രണ്ടാം നിലയുടെ മേൽക്കൂരയിലെ കമ്പിയില്‍ കെട്ടിയ കയറില്‍ തൂങ്ങിപ്പിടയുന്ന യുവാവിനെയാണ് കണ്ടത്. ഗേറ്റില്‍ പട്ടികളുണ്ടായിരുന്നതിനാല്‍ പൊലീസുകാര്‍ പിന്നിലെ മതില്‍ ചാടിക്കടന്ന് വീട്ടില്‍ ചാരിവച്ചിരുന്ന ഇരുമ്പുകോണിയിലൂടെ കയറി സണ്‍ഷെയ്ഡ് വഴി ടെറസിലെത്തി. തൂങ്ങിയാടുകയായിരുന്ന യുവാവിനെ എസ്.ഐ സെല്‍വകുമാറും ഹോംഗാര്‍ഡ് ജസ്റ്റിനും ചേര്‍ന്ന് ഉയര്‍ത്തിനിര്‍ത്തി. ഷിനുകുമാര്‍ അടുക്കളയില്‍ പോയി കത്തിയുമായി തിരിച്ചെത്തി കയര്‍ അറുത്തിട്ടു. അപ്പോഴാണ് വീട്ടുകാര്‍ ആത്മഹത്യാ ശ്രമം അറിയുന്നത്.

Read Also: ഇനി അവര്‍ കാഴ്ചക്കാരല്ല, പങ്കാളികള്‍; സ്‌കൂള്‍ കായിക മേള ഭിന്നശേഷി സൗഹൃദമാകുന്നു

അബോധാവസ്ഥയിലായ ആളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. യജമാനനെ കൊണ്ടുപോവുന്നത് കണ്ടാല്‍ നായ്ക്കല്‍ കടിക്കുമെന്ന് ഉറപ്പായതിനാല്‍ ഒരടിമാത്രം വീതിയുളള കോണിയിലൂടെ മരണാസന്നനായ യുവാവിനെയും ചുമന്ന് അടുത്ത വീടിന്റെ മതിലിനപ്പുറത്തേയ്ക്ക് ഇറക്കി. പൊലീസ് ജീപ്പില്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും ശ്രമകരമായ ദൗത്യവും ഇതായിരുന്നുവെന്ന് പോലീസുകാര്‍ പറഞ്ഞു. ആശുപത്രിലേക്കുള്ള വഴിയില്‍ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസം ആശുപത്രിവിട്ടു.

വീട്ടുവളപ്പിലുണ്ടായിരുന്നത് റോട്ട് വീലര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ് എന്നീ ഇനത്തിലുളള പട്ടികളായിരുന്നെന്നും റോട്ട് വീലര്‍ ഇനത്തിലെ നായ്ക്കള്‍ കടിച്ചാല്‍ ആ ഭാഗത്തെ മാംസവും കൊണ്ടുമാത്രം പിടിവിടുന്നയാണെന്നും അറിഞ്ഞത് പിന്നീടാണെന്ന് എസ്.ഐ.സെല്‍വകുമാര്‍ പറയുന്നു. പട്ടി കടിക്കുന്നതിനെ പറ്റിയൊന്നും ആ സമയം ചിന്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.