മുംബൈ: ബോളിവുഡ് നടൻ വിവേക് ഒബ്റോയ് വലിയ അയ്യപ്പ ഭക്തനാണെന്ന് താരത്തിന്റെ ആരാധകർക്ക് അറിയാം. കഴിഞ്ഞ 18 വർഷമായി വിവേക് ഒബ്റോയ് മുടങ്ങാതെ ശബരിമലയിൽ എത്താറുണ്ട്. മകരവിളക്ക് ദിവസമാണ് താരം അയ്യപ്പ സന്നിധിയിൽ എത്താറുളളത്. മകരജ്യോതി ദർശിച്ച് അയ്യപ്പനെ കണ്ട് വണങ്ങിയശേഷമാണ് താരം എല്ലാ വർഷവും മലയിറങ്ങുക.

പക്ഷേ ഇത്തവണ വിവേക് ഒബ്റോയിക്ക് മകമരവിളക്കിന് അയ്യപ്പസന്നിധിയിൽ എത്താനായില്ല. ശബരിമലയിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും മകരവിളക്ക് ദിവസം മുംബൈയിലെ അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി വിവേക് സായൂജ്യം കൊണ്ടു.

”ചില വ്യക്തിപരമായ കാരണങ്ങളാൽ ഇത്തവണ മകരവിളക്ക് ദിവസമായ ജനുവരി 14ന് വിവേകിന് ശബരിമലയിൽ പോകാനായില്ല. അന്നേ ദിവസം മുംബൈയിലെ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ 68 വർഷമായി മാട്ടുഗ ക്ഷേത്രത്തിൽ അയ്യപ്പ ഭക്ത സമിതിയുടെ നേതൃത്വത്തിൽ മകരവിളക്ക് ഉത്സവം നടത്തുന്നുണ്ട്. ഇതറിഞ്ഞ വിവേക് അന്നേ ദിവസം ക്ഷേത്രത്തിൽ എത്തി അയ്യപ്പന്റെ അനുഗ്രഹം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു” വിവേകിന്റെ സുഹൃത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

പൂജ തുടങ്ങിയപ്പോൾ തന്നെ വിവേക് ക്ഷേത്രത്തിൽ എത്തിയതായി അവിടെ ഉണ്ടായിരുന്നവരിൽ ഒരാൾ ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു. ”പരമ്പരാഗത വേഷമണിഞ്ഞാണ് അദ്ദേഹം എത്തിയത്. പൂജയ്ക്ക് എത്തിയ അദ്ദേഹം തിരി തെളിച്ചു. അതിനുശേഷം ഉടുക്ക് പാട്ട് കേട്ടു. പഞ്ചവാദ്യത്തിന്റെയും ഉടുക്കു പാട്ടിന്റെയും അകമ്പടിയോടെ അയ്യപ്പ ക്ഷേത്രത്തിൽനിന്നും അടുത്തുളള ശിവ ക്ഷേത്രത്തിലേക്കുളള ഘോഷയാത്രയിലും അദ്ദേഹം പങ്കെടുത്തു. ഘോഷയാത്ര അവസാനിക്കുന്നതുവരെ അദ്ദേഹം ഉണ്ടായിരുന്നു”.

കഴിഞ്ഞ 18 വർഷമായി മകരവിളക്ക് ദിവസം മുടങ്ങാതെ അയ്യപ്പദർശനം നടത്തുന്ന നടനാണ് വിവേക് ഒബ്റോയ്. വിവേകിന്റെ അച്ഛൻ സുരേഷ് ഒബ്റോയ് പഞ്ചാബ് സ്വദേശിയാണ്. അമ്മ തമിഴ്നാട് സ്വദേശിനിയും. അമ്മയുടെ അയ്യപ്പഭക്തി കണ്ട് വളർന്നാണ് വിവേകും അയ്യപ്പ ഭക്തനായതെന്ന് സുഹൃത്ത് പറഞ്ഞു. ഇത്തവണ മകരവിളക്ക് ദിവസം അയ്യപ്പ സന്നിധിയിൽ എത്താനായില്ലെങ്കിലും ഉടൻതന്നെ വിവേക് ശബരിമലയിൽ എത്തുമെന്നും സുഹൃത്ത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ