കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവാവിനെ മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തടഞ്ഞുവച്ചെ് ചോദ്യം ചെയ്തതായും കൈയ്യിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് എ.സി.പിയാണ് റിപോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന് നല്‍കിയത്.
ആശുപത്രി പരിസരത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, പ്രതികളെ ആരേയും കണ്ടെത്താന്‍ ആയിട്ടില്ല. അതേസമയം തനിക്ക് നേരിടേണ്ടി വന്ന അപമാനവും മാനസിക വിഷമമാണ് വിശ്വനാഥന്റെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം നടന്ന ദിവസം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100-ലധികം പേരുടെ മൊഴി എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിശ്വനാഥന്റെ ഭാര്യാമാതാവ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. കുറച്ചാളുകള്‍ മോഷണകുറ്റം ആരോപിച്ച് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു.നിറം കൊണ്ടും രൂപം കൊണ്ടും ആദിവാസി യുവാവാണെന്ന് മനസിലാക്കികൊണ്ടും വിശ്വനാഥന്റെ കൈയിലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചു. ഇതിനെ തുടര്‍ന്ന് അപമാനിതനായ വിശ്വനാഥന്‍ ആത്മഹത്യചെയ്‌തെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.