scorecardresearch

മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്, വിധിയിൽ സന്തോഷം: വിസ്മയയുടെ അമ്മ

പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കെട്ടിറങ്ങിയ ശേഷം അച്ഛൻ പ്രതികരിച്ചു

പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കെട്ടിറങ്ങിയ ശേഷം അച്ഛൻ പ്രതികരിച്ചു

author-image
WebDesk
New Update
vismaya case

കൊല്ലം: തങ്ങളുടെ മകൾക്ക് നീതി ലഭിച്ചെന്ന് വിസ്മയയുടെ അമ്മ സജിതയും അച്ഛൻ ത്രിവിക്രമൻ നായരും. വിധിയിൽ സന്തോഷമുണ്ട്, മറ്റൊരു കുട്ടിക്കും മകളുടെ ഗതി വരരുത്. അതിനുള്ളതാകട്ടെ വിധിയെന്ന് അമ്മ സജിത മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലിരുന്നാണ് അമ്മ വിധി കേട്ടത്.

Advertisment

പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ടിറങ്ങിയ ശേഷം അച്ഛൻ പ്രതികരിച്ചു. നിരവധി പേരുടെ പ്രാർത്ഥനയുടെ ഫലമാണ് വിധിയെന്നായിരുന്നു സഹോദരൻ വിജിത്തിന്റെ പ്രതികരണം.

സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയെന്നാണ് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. മോഹന്‍രാജ് വിധിക്ക് ശേഷം പറഞ്ഞത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടിയേക്കാമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഈ വിധി സാമൂഹിക മാറ്റത്തിന് വഴിവെക്കുമെന്ന് അന്വേഷണത്തിന്റെ ചുമതല വഹിച്ച ഐജി ഹര്‍ഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് വിധിയെന്ന് കേസ് അന്വേഷിച്ച ഡിവൈഎസ്പി രാജ് കുമാറും പറഞ്ഞു.

സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. പ്രതിക്കെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കിരൺ കുമാറിന്റെ ജാമ്യവും കോടതി റദ്ദാക്കി.

Advertisment

വിസ്‌മയ മരിച്ച് ഒരു വർഷം തികയുന്നതിന് മുൻപാണ് കേസിൽ വിധി വരുന്നത്. ജനുവരി 10നാണ് കോടതി കേസിൽ വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു.

കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥാനയ ഭർത്താവ് കിരൺ കുമാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തുടർന്നങ്ങോട്ട് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്.

2021 ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ജൂണ്‍ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂണ്‍ 29 കിരണിന്റെ വീട്ടില്‍ ഫോറൻസിക് പരിശോധനകൾ നടത്തി. ഇതിനിടയിൽ കിരൺ കുമാർ ജാമ്യത്തിനായുള്ള ശ്രമങ്ങളും തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. അതിന് പിന്നാലെ ഓഗസ്റ്റ് ആറിന് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

2021 സെപ്റ്റംബര്‍ 10ന് വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രേരണ മൂലമുളള ആത്മഹത്യയെന്നായിരുന്നു കണ്ടെത്തൽ.ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും. വിസ്മയയെ കിരൺ മർദിക്കുന്നത് കണ്ടിട്ടുള്ള ദൃക്‌സാക്ഷികളുടെ മൊഴികളും ഉൾപ്പെടെ അടങ്ങുന്നതായിരുന്നു കുറ്റപത്രം. ജൂൺ എട്ടിന് ഹൈക്കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, കിരൺ കുമാറിനെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് കോടതിയിലേക്ക് മാറ്റിയത്. നാളെ ശിക്ഷ വിധി കേൾക്കാൻ ജയിലിൽ നിന്നാകും കിരൺ കുമാറിനെ കോടതിയിൽ എത്തിക്കുക.

Also Read: ‘ഹോണ്ടാ സിറ്റി ആയിരുന്നു ഇഷ്ടം, നിങ്ങളുടെ എച്ചിത്തരം കണ്ട് വേണ്ടെന്ന് പറഞ്ഞതാ’; കിരണിന്റെ ശബ്ദരേഖ പുറത്ത്

Dowry Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: