കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കറും സീല്‍ ചെയ്തിരിക്കുകയാണ്.
സ്ത്രീധനമായി നല്കിയ കാറും സ്വര്‍ണവും തൊണ്ടിമുതലാവുമെന്നും ശൂരനാട് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കിരണ്‍കുമാര്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി കിരണ്‍കുമാറിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. ഇതിനായി ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
വിസ്മയയുടെ മരണം തൂങ്ങിമരണമാണെന്നാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊലപാതകമാണെന്നാണ് വിസ്മയയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ മരണം കൊലപാതകമാണൊ എന്നതില്‍ പൊലീസിന് വ്യക്തത വരുത്താനായിട്ടില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. കൊലപാതകമാണെങ്കില്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.
Also Read: വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി