കൊല്ലം: സ്ത്രീപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ലഭിച്ച ശിക്ഷയിൽ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. മകൾ നീതി ലഭിച്ചെന്നും ഒപ്പം സമൂഹത്തിന് ഒരു സന്ദേശവും ലഭിച്ചെന്ന് അദ്ദേഹം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കിരണിൽ മാത്രം ഒതുങ്ങുന്ന കേസല്ലയിത്. ഒരുപാട് പ്രതികൾ ഇനിയും ഉണ്ട്. അവരെയെലാം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കും. വിധി അഭിഭാഷകനിൽ നിന്ന് ചോദിച്ചറിഞ്ഞ ശേഷം ബാക്കിയെന്തെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കിരൺ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ആയിരുന്നു അമ്മ സജിതയുടെ ആദ്യ പ്രതികരണം. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നെന്നും മേൽ കോടതിയെ സമീപിക്കുമെന്നും അമ്മ പറഞ്ഞു.
കേരളസമൂഹത്തിനുള്ള താക്കീതാണ് വിസ്മയ കേസിലെ വിധിയെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി പറഞ്ഞു. വിവാഹകമ്പോളത്തിലെ വിൽപ്പന ചരക്കാണ് സ്ത്രീകൾ എന്ന കാഴ്ചപ്പാടിനുള്ള താക്കീതാണിതെന്നും ഉചിതമായ വിധിയാണെന്നും സതീദേവി പ്രതികരിച്ചു.
സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിന്റെ പത്ത് വർഷം തടവും പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. സ്ത്രീധനമരണത്തിൽ ഐപിസി 304 പ്രകാരം 10 വര്‍ഷവും ആത്മഹത്യ പ്രേരണ കുറ്റം 306 പ്രകാരം ആറുവര്‍ഷവും 498 എ ഗാർഹിക പീഡന വകുപ്പ് പ്രകാരം രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ആകെ 12,55,000 രൂപ പിഴയിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവായി.
Also Read: വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ