scorecardresearch

വിഷുക്കണിക്കായി ശബരിമല നട തുറന്നു, ഭക്തജനത്തിരക്കില്ലാതെ

ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും നാണയത്തുട്ടുകൾ കൈനീട്ടമായി നൽകുകയും ചെയ്തു

Vishu, വിഷു, Vishu celebration in Sabarimala, ശബരിമലയിൽ വിഷു ആഘോഷം, Sabrimala, ശബരിമല, iemalayalam, ഐഇ മലയാളം

പത്തനംതിട്ട: കോവിഡ്-19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്തജനത്തിരക്കില്ലാതെ വിഷു ദർശനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം പുലർച്ചെ അഞ്ച് മണിക്ക് തുറന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.

Read More: വിഷു 2020: ആയുരാരോഗ്യസൗഖ്യം നേര്‍ന്നു താരങ്ങളും

ശേഷം ശാസ്താവിനെ വിഷുക്കണി കാണിക്കുകയും ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും നാണയത്തുട്ടുകൾ കൈനീട്ടമായി നൽകുകയും ചെയ്തു. വിഷുക്കണി ദർശനത്തിന് ആയി കാത്തു നിന്ന ദേവസ്വം ബോർഡ് ജീവനക്കാർക്കും ക്ഷേത്ര ജീവനക്കാർക്കും ഡ്യൂട്ടിക്കെത്തിയ പൊലീസുകാർക്കുമായി അര മണിക്കൂർ നേരം കണിവിഭവങ്ങൾ ശ്രീകോവിലിനുള്ളിൽ വച്ചിരുന്നു.

മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമവും പ്രസാദ വിതരണവും നടന്നു. ഇത് പൂർത്തിയായതിനു പിന്നാലെ തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് കണിവസ്തുക്കൾ നീക്കം ചെയ്ത ശേഷം അയ്യപ്പന് ഭസ്മം, ജലം,പാൽ, തേൻ, പഞ്ചാമൃതം, ഇളനീർ എന്നിവ കൊണ്ടുള്ള പതിവ് അഭിഷേകവും നടത്തി. പിന്നീട് സ്വർണ്ണ കുടത്തിൽ കൊണ്ടു വന്ന നെയ്യും വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. 7.30 ന് ഉഷപൂജ നടന്നു.9.15 ന് 25 കലശാഭിഷേകം നടന്നു. 9.30 ന് ഉച്ചപൂജയും നടത്തി പത്തു മണിക്ക് നട അടച്ചു. വൈകുന്നേരം 5 മണിക്ക് തുറക്കുന്ന നട രാത്രി 7.30 ന് ഹരിവരാസനം പാടി അടക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vishu celebration in sabarimala