തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംപർ (BR-85) ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന്മാരെ കണ്ടെത്തി. കന്യാകുമാരി സ്വദേശിയായ ഡോ. എം.പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചത്.
മേയ് 22-ാം തീയതി ആണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് വിറ്റ HB 727990 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ആരാണ് ഒന്നാം സമ്മാനം നേടിയത് എന്ന് കണ്ടെത്താൻ ആയിരുന്നില്ല. ഒടുവിൽ ഇന്ന് ഇവർ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഡയറക്ടറേറ്റിൽ എത്തുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴാണ് ഇവർ ടിക്കറ്റ് എടുത്തത്. നാട്ടിലേ ഉത്സവത്തിരക്ക് കാരണമാണ് ലോട്ടറി ഹാജരാക്കാൻ വൈകിയത് എന്നാണ് ഇവർ അധികൃതരെ അറിയിച്ചത്. സമ്മാനം നേടുന്ന ലോട്ടറികൾ ഹാജറാക്കാൻ 90 ദിവസം വരെ സമയമുണ്ട്. തിരുവനന്തപുരം പഴവങ്ങാടി ചൈതന്യ ലക്കി സെന്ററിൽ നിന്നും വാങ്ങി ചില്ലറ വില്പനക്കാരായ രംഗൻ, ജസീന്ത എന്നിവരാണ് ടിക്കറ്റ് വിറ്റത്.
VB, IB, SB, HB, UB, KB എന്നിങ്ങനെ 6 സീരീസിലാണ് ഇത്തവണ വിഷു ബംപർ പുറത്തിറക്കിയത്. വിഷു ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 12 പേർക്ക്. നാലാം സമ്മാനം 1 ലക്ഷമാണ് (അവസാന അഞ്ചക്കത്തിന്). ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും (1 ലക്ഷം വീതം 5 പേർക്ക്) ലഭിക്കും.