തിരുവനന്തപുരം: മൂന്നുദിവസത്തെ കാത്തിരിപ്പിനു വിരാമമിട്ട് വിഷു ബംബര്‍ നേടിയ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ അവനവന്‍ചേരി എകെജി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ രണ്ടില്‍ ഷെറിന്‍ വില്ലയില്‍ റിട്ട. ഹെഡ്മാസ്റ്റര്‍ റസലുദീനാണ് വിഷു ബംബറിന്റെ ഒന്നാംസ്ഥാനം നേടിയത്. നാലു കോടി രൂപയാണ് ഒന്നാം സമ്മാനം. കിട്ടുന്ന തുകകൊണ്ട് മകളുടെ കല്ലാണത്തിന്റെ കടം തീര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് റസലുദീന്‍ പറഞ്ഞു.

എഎസ്ബി 215845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആറ്റിങ്ങൽ അമർ ആശുപത്രി റോഡിൽ ലോട്ടറിക്കച്ചവടം നടത്തുന്ന ചിറയിൽകീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടിൽ ശശികുമാറിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയുടെ ചിറയിൻകീഴ് വലിയകടയിലുള്ള കേന്ദ്രത്തിൽനിന്ന് ടിക്കറ്റെടുത്താണ് ശശികുമാർ കച്ചവടം നടത്തുന്നത്.

24നായിരുന്നു നറുക്കെടുപ്പ്. എന്നാൽ ആർക്കാണ് സമ്മാനം ലഭിച്ചതെന്നു വ്യക്തമായിരുന്നില്ല. എല്ലാവരും ഭാഗ്യവാനെ തെരക്കി നടന്നപ്പോൾ റസലുദ്ദീൻ ഒന്നാം സമ്മാനം കിട്ടിയ കാര്യം ആരെയും അറിയിച്ചില്ല. ടിക്കറ്റ് വെള്ളിയാഴ്ച കാനറ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിൽ ഏൽപ്പിച്ചു. വൈകിട്ട് നടപടികൾ പൂർത്തിയായശേഷം ബാങ്ക് മാനേജർ ഭഗവതി ലോട്ടറി ഏജൻസിയിൽ വിവരം അറിയിച്ചപ്പോഴാണ് ഭാഗ്യവാനെ പുറം ലോകം അറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.