കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് അയച്ച കത്തിന് പുറകിൽ പൊലീസ് ഇടപെടലെന്ന് വിപിൻലാൽ. പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന വിപിൻലാൽ ആണ് കത്തെഴുതിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

എന്നാൽ ഈ കത്ത് കാക്കനാട് ജില്ല ജയിൽ അധികൃതർ ഭീഷണിപ്പെടുത്തി എഴുതിച്ചതാണെന്നാണ് ഇന്ന് വിപിൻലാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. അതേസമയം കേസിൽ പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്ന് പൾസർ സുനിയുടെ സഹതടവുകാരനും സുഹൃത്തുമായ വിഷ്ണു പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിഷ്ണു മധ്യമങ്ങളോട് പറഞ്ഞു. ‘ഇക്കാര്യത്തിൽ സുനി പറഞ്ഞതെല്ലാം സത്യമാണ്. നടൻ ദിലീപിന് കേസിൽ പങ്കുണ്ടായിരിക്കാം, എന്നാൽ ഇതേപ്പറ്റി തനിക്കറിയില്ല” വിഷ്ണു വ്യക്തമാക്കി.

പൾസർ സുനിക്ക് വേണ്ടി പണം ആവശ്യപ്പെട്ട് ദിലീപിനെ ബന്ധപ്പെട്ടത് വിഷ്ണുവാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി നാദിർഷാ, ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി എന്നിവരെ വിഷ്ണു ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖകൾ മൂവരും പൊലീസിന് കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസിന് പുറകിലെ വസ്തുതകൾ ജയിലിലെ സഹതടവുകാരായ വിഷ്ണുവിനോടും വിപിൻലാലിനോടും പൾസർ സുനി വെളിപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ഇരുവരെയും 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.