തിരുവനന്തപുരം: ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ബ്ലെസിക്കും ഉള്‍പ്പടെ 58 അംഗ സംഘത്തിന്റെ വീസ കാലാവധി നീട്ടി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍. ഇവര്‍ ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് ഒരുക്കി നല്‍കിയെന്ന് മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ നാട്ടിലേക്ക് എത്തിക്കുകയെന്നത് പ്രാവര്‍ത്തികമല്ല. അതുകൊണ്ട് വീസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More: ഷൂട്ടിങ് നിന്നു, ജോര്‍ദാനില്‍ നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം: പൃഥ്വിരാജ്

നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിങ് പുനരാരംഭിക്കാൻ ഉടനടി അനുമതി ലഭിക്കില്ലെന്നും അതിനാൽ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് നല്ലതെന്നും ജോര്‍ദാന്‍ അധികൃതര്‍ തങ്ങളെ അറിയിച്ചതായി പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാനും ചിത്രീകരിക്കാനും ഞങ്ങൾ ആദ്യം പദ്ധതിയിട്ടിരുന്നതിനാൽ, ഞങ്ങളുടെ താമസ-ഭക്ഷണ ക്രമീകരണങ്ങള്‍ കരുതിയിട്ടുണ്ട്. എന്നാൽ അതിനു ശേഷം എന്ത് സംഭവിക്കുന്നു എന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മറുപടിയുമായി മന്ത്രി എ.കെ.ബാലൻ രംഗത്തെത്തിയത്.

എ.കെ.ബാലന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ നടക്കുകയാണ്. ലോകംമുഴുവന്‍ കൊറോണ ഭീതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും കര്‍ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു.

വാര്‍ത്ത കണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജോര്‍ദാനില്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷൂട്ടിങ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര്‍ക്ക് ലഭിച്ചു.

ഇപ്പോള്‍ വിസ കാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിട്ടുണ്ട്.

അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.