തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത് യാഥാര്‍ഥ്യമാകും. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങുക. ഇതിന്റെ പ്രവർത്തനം ആരംഭിച്ചാൽ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ മറ്റു രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും.
വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും, പുതുതായി കണ്ടെത്തുന്ന വൈറസുകളെ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം ആറുമാസത്തിനുള്ളില്‍ തന്നെ ആരംഭിക്കാനുള്ള നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
ആദ്യഘട്ടത്തിനുള്ള 25,000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രീ-ഫാബ് രീതിയില്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാനുള്ള നടപടികളായിട്ടുണ്ട്. കൂടാതെ, അതിവിശാലവും രാജ്യാന്തര നിലവാരവും മാനദണ്ഡവുമനുസരിച്ചുള്ള 80,000 സ്‌ക്വയര്‍ഫീറ്റ് പ്രധാന സമുച്ചയത്തിന്റെ നിര്‍മാണചുമതല കെഎസ്ഐഡിസി മുഖേന എല്‍എല്‍എല്‍ ലൈറ്റ്‌സിന് ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാംപിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പുണെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും.
ഇന്ത്യയില്‍ എവിടെ നിന്നുള്ള സാംപിളും ഇവിടെ സ്വീകരിക്കും. കൂടാതെ, ജനങ്ങള്‍ നേരിട്ട് എത്തി സംശയമുള്ള സാംപിള്‍ നല്‍കി വൈറസോ, രോഗമോ നിര്‍ണയിക്കാനും അവസരമുണ്ട്. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണവുമുണ്ടാകും.
രാജ്യാന്തരതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി രാജ്യാന്തര ഏജന്‍സിയായ ‘ഗ്ലോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കി’ന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്.
രാജ്യാന്തര മാനദണ്ഡങ്ങള്‍ വിധേയമായി ബയോ സേഫ്റ്റി ലെവല്‍-3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍-4 ലേയ്ക്ക് ഉയര്‍ത്തും.
എട്ടുലാബുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാവുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജി-വെക്ടര്‍ ഡൈനാമിക്‌സ് ആന്റ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകള്‍ എന്നിവയും പ്രധാന സമുച്ചയത്തിലുണ്ടാകും.
വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. പിജി ഡിപ്ലോമ (വൈറോളജി)-ഒരു വര്‍ഷം, പിഎച്ച്ഡി (വൈറോളജി) എന്നിവയാണ് ആദ്യഘട്ടമുണ്ടാവുക.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മെയ് 30ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.