scorecardresearch

പകര്‍ച്ചപ്പനിയ്ക്കെതിരെ ശ്രദ്ധ വേണം; ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്

Fever, Viral fever, Dengue fever, Covi19

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനിടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശിച്ചു. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്, ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍ പോക്സ്, സിക, കുരങ്ങുപനി, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാല്‍ പനിയുള്ളപ്പോള്‍ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നു മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനി (സീസണല്‍ ഇന്‍ഫ്ളുവന്‍സ)യാണു കൂടുതലായും കണ്ടുവരുന്നത്. അതിനാല്‍ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറല്‍ പനി സുഖമാവാന്‍ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം വേണ്ടി വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. പനിയുള്ളപ്പോള്‍ ഇന്‍ജക്ഷനും ട്രിപ്പിനും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക. കാരണം പാരസെറ്റമോള്‍ ഗുളികകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കുത്തിവയ്പുകള്‍ പ്രവര്‍ത്തിക്കില്ല.

ഈ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്

പനി ഒരു രോഗലക്ഷണമാണെങ്കലും അവഗണിക്കാന്‍ പാടില്ല. പനിയോടൊപ്പം തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തുനിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടന്നുണ്ടാവുന്ന ശ്വാസം മുട്ടല്‍, ശരീരം ചുവന്നു തടിക്കല്‍, മൂത്രത്തിന്റെ അളവ് കുറയുക, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കുക, ശരീരം തണുത്തു മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച്ച, ശ്വസിക്കുവാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ എന്നീ അപകട സൂചനകള്‍ കണ്ടാല്‍ ഉടനെ ഡോക്ടറുടെ സേവനം തേടണം.

Also Read: കേരളത്തിൽ ഉൾപ്പെടെ നിശബ്ദമായി പടര്‍ന്ന് സിക വൈറസ്; ഐ സി എം ആര്‍ പഠനം വ്യക്തമാക്കുന്നത് എന്ത്?

പനിയുള്ളപ്പോള്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നു കഴിയ്ക്കുക. പനിയുള്ളപ്പോള്‍ രോഗി പൂര്‍ണ വിശ്രമം ഉറപ്പാക്കുകയും ധാരാളം പാനീയങ്ങളും പോഷകപ്രദമായ ആഹാരവും കഴിക്കുവാന്‍ ശ്രദ്ധിക്കണം. കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ എന്നിങ്ങനെയുള്ള പാനീയങ്ങള്‍ തുടരെത്തുടരെ കുടിക്കണം. പനിയുള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍

മാസ്‌ക് ധരിക്കുന്നതു കോവിഡിനോടൊപ്പം മറ്റു പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കും. മഴ നനയാതിരിക്കാന്‍ ശ്രദ്ധിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടയ്ക്കു വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്കു പകരാതെയിരിക്കാന്‍ ഇത്തരം ശീലങ്ങള്‍ സഹായിക്കും.

പനി സാധാരണയില്‍ കൂടുതലായാല്‍ കുട്ടികളില്‍ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കുട്ടികള്‍ക്കുപനി കുറയ്ക്കാനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉടന്‍ തന്നെ നല്‍കണം. ചൂട് കുറയ്ക്കുന്നതിനായി തണുത്ത വെള്ളത്തില്‍ തുണി നനച്ച് കുട്ടികളുടെ ശരീരം മുഴുവന്‍ തുടരെ തുടരെ തുടയ്ക്കുകയും വേണം. പനിയുള്ളപ്പോള്‍ ഭയത്തേക്കാളുപരി ജാഗ്രതയാണ് വേണ്ടത്.

Also Read: നാളെ മുതല്‍ ഷോക്കടിക്കും; വൈദ്യുതി നിരക്ക് വര്‍ധന ഇങ്ങനെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Viral fever symptoms treatment prevention

Best of Express