കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് ചങ്ങരേത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ പനി ബാധിച്ച് മരിച്ച സാഹചര്യത്തിൽ സുരക്ഷ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. കോഴിക്കോട് പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ മൂന്ന് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ നിർദ്ദേശം വന്നിരിക്കുന്നത്.

മരണങ്ങൾ സംഭവിച്ചതിന് പിന്നിൽ വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കഡിറ്റിസ് എന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേർ മരിച്ചത് കൂടാതെ നാല് പേർ രോഗം ബാധിച്ച് ചികിത്സയിലായതും ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ കാരണമായി.

എന്നാൽ രോഗം ബാധിച്ചവരിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ രണ്ടാഴ്ച വരെ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് പനി, ചുമ, മയക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉളളവരോടും ഇവരോട് അടുത്ത് ഇടപഴകുന്നവരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

രോഗികളുമായി അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വിശദമായ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കാൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗം പടരാൻ സാധ്യതയുളളതിനാൽ ആളുകൾ പക്ഷി മൃഗാദികൾ കഴിച്ച് ബാക്കി വന്ന പഴങ്ങൾ കഴിക്കരുത്. ഇതിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർ പനിയും ചുമയും ബാധിച്ച രോഗികളുമായി ബന്ധപ്പെടുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കണം. എല്ലാ സ്ഥാപനങ്ങളും പിപിഇ കിറ്റ് വാങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ