കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് ചങ്ങരേത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ പനി ബാധിച്ച് മരിച്ചതിന് പിന്നാലെ എട്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. ഇതില്‍ രണ്ട് പേരില്‍ പ്രത്യേക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ അടക്കം സഹായിച്ച ഒരാളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. നിബ വൈറസാണോ ബാധിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

സാഹചര്യത്തില്‍ സ്ഥലത്ത് മെഡിക്കല്‍ സംഘം പരിശോധന നടത്തി. കോഴിക്കോട് പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ മൂന്ന് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. മരണത്തിന് കാരണം നിബ വൈറസാണെന്ന തരത്തില്‍ വാട്ട്സ്ആപ്പില്‍ ഉണ്ടായ പ്രചരണങ്ങള്‍ തെറ്റാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

വായുവിലൂടെ രോഗം പടരില്ലെന്നും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമെ രോഗം പകരുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രോഗം കണ്ടുവരുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മരണങ്ങൾ സംഭവിച്ചതിന് പിന്നിൽ എന്താണ് കാരണമെന്ന് പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുളള. എന്നാല്‍ അപൂര്‍വ്വ വൈറസ് ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം പേരാമ്പ്രയിലെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. ഇത് ഏത് രീതിയിലുളള വൈറസാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് തന്നെ പ്രദേശത്ത് നിന്നും ആളുകള്‍ ബന്ധുവീട്ടിലേക്ക് മാറിപ്പോയിട്ടുണ്ട്. ഉന്നതതല സംഘം പന്തിരിക്കരയിലെ വീടുകള്‍ സന്ദര്‍ശിക്കും. മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡും തുടങ്ങി. പന്തിരിക്കരയിലെ മെഡിക്കല്‍ ക്യാമ്പ് തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കഡിറ്റിസ് എന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനം ഉണ്ടായിരുന്നതെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് പേർ മരിച്ചത് കൂടാതെ നാല് പേർ രോഗം ബാധിച്ച് ചികിത്സയിലായതും ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ കാരണമായി.
എന്നാൽ രോഗം ബാധിച്ചവരിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ രണ്ടാഴ്ച വരെ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് പനി, ചുമ, മയക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉളളവരോടും ഇവരോട് അടുത്ത് ഇടപഴകുന്നവരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

രോഗികളുമായി അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വിശദമായ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കാൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗം പടരാൻ സാധ്യതയുളളതിനാൽ ആളുകൾ പക്ഷി മൃഗാദികൾ കഴിച്ച് ബാക്കി വന്ന പഴങ്ങൾ കഴിക്കരുത്. ഇതിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. ആരോഗ്യവകുപ്പ് ജീവനക്കാർ പനിയും ചുമയും ബാധിച്ച രോഗികളുമായി ബന്ധപ്പെടുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കണം. എല്ലാ സ്ഥാപനങ്ങളും പിപിഇ കിറ്റ് വാങ്ങണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം നമ്പര്‍: 0495- 2376063

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ