തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇന്നലെയാണ് ലക്ഷ്മിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. ഇവർക്ക് ബോധം പൂർണ്ണമായി തെളിഞ്ഞു.

വയലിനിസ്റ്റ് ബാലഭാ‌സ്കറും ഏകമകൾ തേജസ്വിനിയും പളളിപ്പുറത്ത് ഇന്നോവ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. മകൾ സംഭവസ്ഥലത്തും ബാാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. എന്നാൽ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു. ഇവരെ ഈ ആഴ്ച അവസാനം വാർഡിലേക്ക് മാറ്റാനാകും എന്നാണ് കരുതുന്നത്.

പരുക്കുകൾ ഭേദപ്പെട്ട് വരുന്നതേയുളളൂ. എങ്കിലും ആരോഗ്യസ്ഥിതിയിൽ മികച്ച പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും തേജസ്വിനിയുടെയും വിയോഗം ലക്ഷ്മിയെ അറിയിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യം ലക്ഷ്മിയെ അറിയിക്കുന്നതെങ്ങനെയെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ കടുത്ത മനോവിഷമത്തിലാണ്.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും അപകടത്തിൽ രക്ഷപ്പെട്ടിരുന്നു.

വിവാഹിതരായി 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ പിറന്നത്. മകള്‍ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook