തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിഭാധനനായ കലാകാരനെയാണ് നഷ്ടപ്പെട്ടതെന്നും ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ മകൾ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖവാർത്ത മലയാളികൾ വിഷമത്തോടെയാണ് ശ്രവിച്ചത്. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു ബാലഭാസ്കർ. പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്കർ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആൽബങ്ങൾ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകൾ തെളിയിച്ച വ്യക്തിയായിരുന്നുവെന്നും തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read: വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

ഇന്നു പുലർച്ചെയോടെയായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്കർ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഇന്നലെ പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

Read: വിട പറഞ്ഞത് വയലിനിൽ വിസ്‌മയം തീർത്ത കലാകാരൻ

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.