ബാലഭാസ്കർ ഇനി ഓർമ്മ

ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:30ഓടെ ശാന്തികവാടത്തിലായിരുന്നു ബാലഭാസ്കറിന്റെ മൃതദേഹം സംസ്കരിച്ചത്.

balabhaskar

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞു. ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11:30ഓടെ ശാന്തികവാടത്തിലായിരുന്നു ബാലഭാസ്കറിന്റെ മൃതദേഹം സംസ്കരിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും മൃതദേഹം ഇന്നലെ പൊതുദർശനത്തിന് വച്ചിരുന്നു. ആയിരക്കണക്കിന് പേരാണ് പ്രിയ സംഗീതജ്ഞന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തിയത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്കർ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.

വിവാഹതിരായി 16 വർഷങ്ങൾക്കുശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകൾ പിറന്നത്. മകൾ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.

ഫ്യൂഷൻ മ്യൂസിക് മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിന് ലഭിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Violinist balabhaskar dead cremation today at shanthikavadam

Next Story
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല; അപേക്ഷ ഹൈക്കോടതി തളളിbishop franco mulakkal, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com