തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം നാളെ നടക്കും. ബാലഭാസ്കർ പഠിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് കലാഭവനിൽ പൊതുദർശനത്തിന് വയ്ക്കും.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ബാലഭാസ്കറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്നും മൃതദേഹം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വയ്ക്കും.

Read: വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

ബാലഭാസ്കറിന്റെ മരണ വാർത്തയറിഞ്ഞ് നിരവധി പേർ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആരാധകരും സംഗീത രംഗത്തെ സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

ഇന്നു പുലർച്ചെയോടെയായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാലഭാസ്കർ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ബാലഭാസ്കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ഇന്നലെ പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

Read: വിട പറഞ്ഞത് വയലിനിൽ വിസ്‌മയം തീർത്ത കലാകാരൻ

കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.