മലപ്പുറം: താനൂരിൽ ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ അക്രമം. രണ്ട് പേർക്ക് കല്ലേറിൽ പരുക്കേൽക്കുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തു. എസ്ഡിപിഐ പ്രവർത്തകൻ ഷാഫി, ബിജെപി പ്രവർത്തകരായ പ്രകാശ്, പ്രണവ് എന്നിവർക്കാണ് കുത്തേറ്റത്.

വ്യാഴാഴ്ച വൈകീട്ട് ഏഴോടെ താനൂര്‍ ജംങ്ഷനിലാണു സംഭവം. മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകരുടെ പ്രകടനം താനൂര്‍ ജംങ്ഷനിലെത്തിയപ്പോള്‍ കടകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫ്രൂട്‌സ് കടയും പച്ചക്കറി കടയും അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, പൊലീസിന്റെ നിസംഗത മൂലം ബിജെപി അക്രമികൾ അഴിഞ്ഞാടിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എസ്ഡിപിഐയും ആരോപിച്ചു.

ഗുരുതരമായി പരുക്കേറ്റ ഷാഫിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ബിജെപി പ്രവര്‍ത്തകനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്പരമുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്കു പരുക്കേറ്റതായും പരാതിയുണ്ട്. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.