/indian-express-malayalam/media/media_files/uploads/2017/11/munnar-hartal.jpg)
ദേവികുളം: റവന്യൂവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പിന്തുണയോടെ മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം. രാവിലെ വിദേശ വിനോദ സഞ്ചാര സംഘവുമായി എത്തിയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും തടഞ്ഞു.
ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഏഷ്യാനെറ്റ് റിപ്പോർട്ടർ കെ.വി.സന്തോഷ് കുമാർ, ക്യാമറാമാൻ റോണി ജോസഫ്, ജനം ടിവി ക്യാമറാമാൻ അരുൺ എന്നിവരെ കൈയ്യേറ്റം ചെയ്തു. തുറക്കാന്‍ ശ്രമിച്ച ചില കടകള്‍ ബലമായി അടപ്പിച്ചതായും പരാതിയുണ്ട്.
ഇടുക്കിയിലെ 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലില്‍ നിന്നും സിപിഐ വിട്ട് നില്‍ക്കുന്നത് കൊണ്ട് തന്നെ എന്ത് വിലകൊടുത്തും വിജയിപ്പിക്കുക എന്നതാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ലക്ഷ്യം. കഴിഞ്ഞ ദിവസമായിരുന്നു സിപിഐയെ ഒഴിവാക്കി മൂന്നാര്‍ സംരക്ഷണ സമിതിയെ പുനരുജ്ജീവിപ്പിച്ച് കൊണ്ട് എസ്.രാജേന്ദ്രന്‍ എംഎല്‍എ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ റവന്യൂവകുപ്പിനെതിരെ സമരം പ്രഖ്യാപിച്ചത്. സമരം റവന്യൂവകുപ്പിന് എതിരായിരിക്കും എന്നത് കൊണ്ട് തന്നെ സിപിഐ വിട്ട് നില്‍ക്കുകയായിരുന്നു.
മൂന്നാര്‍ സംരക്ഷണ സമിതി പുനരുജ്ജീവിപ്പിക്കുന്ന കാര്യം തങ്ങളോട് ആലോചിച്ചിട്ടില്ലെന്ന് സിപിഐ നേതൃത്വവും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ആഹ്വാനം ചെയ്തിട്ടുളള ഹര്‍ത്താല്‍ ഏത് വിധേനയും പരാജയപ്പെടുത്താന്‍ സിപിഐ പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനെതിരെ സിപി എമ്മും ശക്തമായി രംഗത്തുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.