സ്ത്രീപീഡന കേസിൽ ആരോപണ വിധേയനായ കോവളം എംഎൽഎ എം.വിൻസന്റിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നെയ്യാറ്റിൻകര കോടതിയാണ് എംഎൽഎ യെ റിമാന്റ് ചെയ്ത് ഉത്തരവിട്ടത്. ഇദ്ദേഹത്തെ നെയ്യാറ്റിൻകര സബ് ജയിലിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി എം.വിൻസന്റ് രംഗത്തെത്തി. തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തോടെയാണെന്നും, ഇത്തരം കേസുകളിൽ മുൻപ് എംഎൽഎമാർ രാജിവച്ച ചരിത്രം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
“വടക്കാഞ്ചേരി പീഡന കേസിൽ ആരോോപണ വിധേയനായ സിപിഎം കൗൺസിലർക്കെതിരെ പൊലീസ് ഇതുവരെയും നടപടിയെടുത്തിട്ടില്ല. എന്നാൽ ഈ കേസിൽ തന്നെ കുടുക്കാൻ മനപ്പൂർവ്വം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്?”, അദ്ദേഹം ചോദിച്ചു.
പരാതിക്കാരിയായ വീട്ടമ്മയ്ക്ക് വിഷാദരോഗമാണെന്നും, ഇതിന് ചികിത്സിക്കപ്പെട്ടെന്നും എംഎൽഎ ആരോപിച്ചിരുന്നു. എന്നാൽ ഇതുവരെ എംഎൽഎ യുടെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം കോോൺഗ്രസ് യോഗം ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.