തൃശൂര്‍: എങ്ങണ്ടിയൂരില്‍ വിനായകന്‍ ആത്മഹത്യ ചെയ്തത് പോലീസിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നല്ലെന്ന് പാവറട്ടി പോലീസ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തിന് മൊഴി നല്‍കി. വിനായകന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരാണ് ഇത്തരത്തില്‍ മൊഴി നല്‍കിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ചോദ്യം ചെയ്യുമ്പോള്‍ വിനായകനെ സ്‌റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ മര്‍ദ്ദിക്കുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് പോലീസുകാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും വീട്ടില്‍ വെച്ച് പിതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാകാം വിനായകന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസുകാര്‍ പറയുന്നത്.

വിനായകന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിനായകന്റെ ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കാലില്‍ ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. മുലക്കണ്ണ് ഞെരിച്ച് ഉടച്ചു. പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

കേസില്‍ കഴിഞ്ഞ ദിവസമാണ് എസ്ഐ യുടേയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് പോലീസുകാരുടെയും മൊഴിയെടുത്തത്. ജൂലൈ 17 നായിരുന്നു വിനായകനെ പോലീസ് അറസ്റ്റ് ചെയ്തത്. 18 ന് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് സംഭവം വിവാദമായി മാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ