കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളെ തള്ളി കൽപ്പറ്റ പൊലീസ്. യുവതിയുടെ പരാതിയിൽ കേസ് അന്വേഷിക്കുന്ന കൽപ്പറ്റ എസ്ഐ റസാഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വിനായകനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇല്ലെന്നും അദ്ദേഹം ഐഇ മലയാളത്തോട് വ്യക്തമാക്കി.
“പരാതിക്കാരിയായ യുവതിയുടെ മൊഴി തിങ്കളാഴ്ചയാണ് രേഖപ്പെടുത്തിയത്. അവർ നൽകിയ നമ്പറിൽ വിനായകനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. നമ്പർ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ സിനിമാ താരം വിനായകൻ എന്നു മാത്രമാണ് പറയുന്നത്. അദ്ദേഹത്തിന്റെ മേൽവിലാസമോ മറ്റ് കാര്യങ്ങളോ ഇല്ല. ആരോപണ വിധേയനായ വ്യക്തി എറണാകുളം സ്വദേശിയാണ് എന്നാണ് മനസിലാക്കുന്നത്. വിനായകന്റെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. റെക്കോർഡിങ് അടങ്ങിയ മൊബൈൽ ഫോൺ ഹാജരാക്കാനുള്ള സമയം യുവതിക്കും നൽകിയിട്ടുണ്ട്,” എന്നും എസ്ഐ റസാഖ് വ്യക്തമാക്കി. നിലവിൽ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനായകൻ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് യുവതി ആദ്യം വെളിപ്പെടുത്തിയത്.