തൃശൂർ: വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഉടൻ കത്തയയ്ക്കുമെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 18 നാണ് ദലിത് യുവാവായ വിനായകൻ ആത്മഹത്യ ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു വിനാകന്റെ ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ പരാതി. വിനായകൻ മരിച്ച് 9 മാസം പിന്നിട്ടിട്ടും കുറ്റക്കാരെ പിടികൂടിയിട്ടില്ല.

വിനായകന്റെ മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചിരുന്നു. വിനായകന്റെ മരണത്തിൽ അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്‌പെന്‍ഷൻ പിന്‍വലിക്കുകയും ചെയ്തു.

അതേസമയം, വിനായകന് ക്രൂര മര്‍ദനമേറ്റെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈം ബ്രൈഞ്ച് എസ്‌പി ഉണ്ണിരാജന്റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. പക്ഷേ പൊലീസിലും സര്‍ക്കാരിലും വിനായകന്റെ കുടുംബത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ