പാലക്കാട്: കൈക്കൂലിയായി പണത്തിനുപുറമേ തേനും കുടംപുളിയും പേനയുംവരെ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടി വിജിലൻസ് സംഘം. സംസ്ഥാന സർക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് സ്വന്തം കാറിൽവച്ച് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലൻസ് സംഘം പിടികൂടിയത്.
മഞ്ചേരി സ്വദേശിയായ വിപിൻ ബാബു നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. വിപിൻ ബാബുവിൽനിന്ന് 2500 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. മുൻപ് രണ്ടു തവണ വിപിൻ ബാബുവിൽനിന്ന് 1000 രൂപയും 9000 രൂപയും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതോടെ വിപിൻ ബാബു വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു.
സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേയ് 23 മുതൽ പ്രാബല്യത്തോടെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്.
മുറിയിൽനിന്ന് കണ്ടെടുത്തത് 35 ലക്ഷം രൂപയും 17 കിലോ നാണയവും
മണ്ണാർക്കാട്ട് സുരേഷ് താമസിക്കുന്ന വാടക മുറിയിൽനിന്ന് 35 ലക്ഷം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. 17കിലോ നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാങ്കിൽ 46 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 25 രൂപയുമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് ഇത്രയധികം തുക പിടിക്കുന്നത് ഇതാദ്യമാണെന്ന് വിജിലൻസ് പറഞ്ഞു. ആകെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം ഇയാള്‍ക്കുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം.
സാലറി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കില്ല
സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്നും വളരെ അപൂർവമായേ പണം പിൻവലിക്കാറുണ്ടായിരുന്നുവെന്നാണ് വിജിലൻസ് പറയുന്നത്. മുറിയിൽനിന്നും പിടിച്ചെടുത്ത പണമെല്ലാം കൈക്കൂലിയായി വാങ്ങിയതായിരുന്നു. കൈക്കൂലിയിലൂടെയാണ് ജീവിതച്ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്.
ലളിതമായ ജീവിതം, സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇല്ല
വളരെ ലളിതമായ ജീവിതമായിരുന്നു അവിവാഹിതനായ സുരേഷ് കുമാറിന്റേത്. സ്വന്തമായി കാറോ ഇരുചക്ര വാഹനമോ ഇല്ല. 2500 രൂപ പ്രതിമാസ വാടകയുള്ള മുറിയിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. വീട് വയ്ക്കാനാണ് പണം സ്വരുക്കൂട്ടിയതെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി.
കൈക്കൂലിയായി വാങ്ങുക 500 മുതൽ 10,000 വരെ
മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയത്ത് നിയമിതനായത്. കൈക്കൂലി കണക്കു പറഞ്ഞ് വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങും. പണമില്ലെങ്കിൽ മറ്റു സാധനങ്ങളും സ്വീകരിക്കും. പുഴുങ്ങിയ മുട്ടയും തേനും മുതല്‍ ജാതിക്കയും കുടംപുളിയും വരെ ഇയാള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഓട്ടോ വാടകയ്ക്ക് വിളിച്ച് വരെ വീടുകളിൽ പോയി കൈക്കൂലി പിരിച്ചിട്ടുണ്ടെന്നായിരുന്നു പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറുടെ പ്രതികരണം. മൂന്നു വീടുകളിൽ കയറി 700 രൂപ, 800 രൂപ, ആയിരം രൂപ എന്നിങ്ങനെ കൈക്കൂലി വാങ്ങിയത് നേരിൽ കണ്ടിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതെല്ലാം തന്റെ ഫീസാണെന്നാണ് സുരേഷ് കുമാർ മറുപടി നല്‍കിയതെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു.
കൈക്കൂലിയായി തേനും കുടുംപുളിയും
കൈക്കൂലിയായി പണം മാത്രമല്ല, എന്ത് കിട്ടിയാലും സുരേഷ് കുമാർ സ്വീകരിച്ചിരുന്നുവെന്ന് വിജിലൻസ് സംഘം പറയുന്നു. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്‍റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിരുന്നു. ഒരുലിറ്ററിന്റെ പത്തുകുപ്പികളിലായാണ് തേൻ സൂക്ഷിച്ചിരുന്നത്. മുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെയാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്.