പാലക്കാട്: കൈക്കൂലി വാങ്ങിയത് മേലുദ്യോഗസ്ഥരുടെ അറിവോടെയെന്ന് അറസ്റ്റിലായ സുരേഷ് കുമാറിന്റെ മൊഴി. കൈക്കൂലിയിലെ പങ്ക് മേലുദ്യോഗസ്ഥർക്കും നൽകിയിരുന്നതായി സുരേഷ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, മേലുദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. സുരേഷിന്റെ മൊഴി കണക്കിലെടുത്ത് പാലക്കയം വില്ലേജ് ഓഫിസിലെ മറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാനാണ് തീരുമാനം.
നേരത്തെ, കൈക്കൂലി വാങ്ങുന്നതിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ലോഡ്ജ് മുറിയിൽ കണ്ടത്തിയ പണം പൂർണമായി താൻ കൈക്കൂലിയായി വാങ്ങിയതാണെന്നുമാണ് സുരേഷ് കുമാർ പറഞ്ഞത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണ് സുരേഷെന്ന് അറിയില്ലായിരുന്നെന്ന് വില്ലേജ് ഓഫിസറും പ്രതികരിച്ചിരുന്നു.
വില്ലേജ് ഓഫീസർക്കും പങ്കു കൊടുക്കണമെന്ന് പറഞ്ഞാണ് സുരേഷ് കുമാർ പലരിൽ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. അതിനാൽ തന്നെ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും വിജിലൻസ് അന്വേഷണം നീളാനാണ് സാധ്യത. പാലക്കാട് ജില്ലയിലെ കൂടുതൽ വില്ലേജ് ഓഫീസുകളും വിജിലൻസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസിൽ സുരേഷ് കുമാർ അറസ്റ്റിലായത്. ലൊക്കേഷന്‍ സ്‌കെച്ച് നല്‍കുന്നതിനായി 2500 രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് കല്ലടി കോളേജ് ഗ്രൗണ്ടിന് സമീപത്തുവച്ചാണ് പൊലീസ് വിജിലൻസ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി.
മൂന്നു വർഷം മുൻപാണ് സുരേഷ് കുമാർ പാലക്കയത്ത് നിയമിതനായത്. കൈക്കൂലി കണക്കു പറഞ്ഞ് വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. പണമില്ലെങ്കിൽ മറ്റു സാധനങ്ങളും സ്വീകരിക്കും. പുഴുങ്ങിയ മുട്ടയും തേനും മുതല്‍ ജാതിക്കയും കുടംപുളിയും വരെ ഇയാള്‍ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മണ്ണാർക്കാട്ട് സുരേഷ് താമസിക്കുന്ന വാടക മുറിയിൽനിന്ന് 35 ലക്ഷം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. 17കിലോ നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാങ്കിൽ 46 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 25 രൂപയുമുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.