നെയ്യാറ്റിൻകര: സനൽകുമാറിന്റെ കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി സനൽകുമാറിന്റെ ഭാര്യ വിജി. ദൈവത്തിന്റെ വിധി നടപ്പിലായെന്നാണ് വിജി സംഭവത്തോട് പ്രതികരിച്ചത്. കല്ലമ്പലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്.
സനൽകുമാറിന്റെ ഭാര്യയും കുടുംബവും ഉപവാസസമരം അവസാനിപ്പിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് വിജിയും കുടുംബവും ഇന്നു ഉപവാസ സമരം തുടങ്ങിയത്. രാവിലെ എട്ട് മണിക്ക് സനൽ കൊല്ലപ്പെട്ട സ്ഥലത്താണ് ഉപവാസ സമരം സംഘടിപ്പിച്ചത്. എന്നാൽ ഇതിനിടയിലാണ് ഡിവൈഎസ്പി ആത്മഹത്യ ചെയ്തത്.
സനലിന്റെ മരണത്തിനുപിന്നാലെ ഡിവൈഎസ്പി ഒളിവിലായിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഹരികുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് മരണം.
വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് പിടിച്ച് തളളിയപ്പോൾ എതിരെ വന്ന വാഹനം ഇടിച്ചായിരുന്നു സനൽ മരിച്ചത്. സനൽകുമാറിനെ ഡിവൈഎസ്പി ഹരികുമാർ മനഃപൂർവ്വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.