/indian-express-malayalam/media/media_files/uploads/2018/11/viji-penkoottu-1.jpg)
ആഗോളതലത്തിൽ തന്നെ സ്ത്രീകളെ കൂടുതൽ അടയാളപ്പെടുത്തിയ വർഷമാണ് 2018. വർഷം അവസാനിക്കുമ്പോൾ സ്വന്തം കർമ്മ മണ്ഡലത്തിലെ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സ്വാധീനിച്ച നൂറ് സ്ത്രീകളെ പരിചയപ്പെടുത്തുകയാണ് ബിബിസി. എല്ലാവർഷവും നൂറ് സ്ത്രീകളുടെ പട്ടിക ബിബിസി പുറത്തുവിടാറുണ്ട്.
ഇത്തവണ ബിബിസി തയ്യാറാക്കിയ 2018ല്‍ ലോകത്തെ സ്വാധീനിച്ച നൂറ് സ്ത്രീകളുടെ പട്ടികയില്‍ കോഴിക്കോട്ടുകാരി വിജിയുമുണ്ട്. പെണ്‍കൂട്ട് എന്ന സ്ത്രീ സംഘടനയുടെ അമരക്കാരില്‍ ഒരാളാണ് വിജി. പട്ടികയില്‍ 73ാം സ്ഥാനത്താണ് വിജി.
അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് വിജി. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി പോരാടുകയും ചെയ്യുന്ന സംഘടനയാണ് പെണ്‍കൂട്ട്. 2009-10 കാലത്താണ് വിജി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പെണ്‍കൂട്ട് രൂപം കൊള്ളുന്നത്.
മിഠായി തെരുവില്‍ നിന്ന് തുടങ്ങിയ പോരാട്ടമാണ് വിജിയുടേത്. 2005 മുതല്‍ മിഠായി തെരുവിലെ ഒരു തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന വിജി സമരം ചെയ്യാനുള്ള ആര്‍ജവം കണ്ടെത്തിയത് സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നു തന്നെയാണ്.
തന്റെ ചുറ്റും കാണുന്ന ഓരോ മനുഷ്യരുടേയും പ്രശ്‌നങ്ങളും തന്റെ പ്രശ്‌നങ്ങളായി തന്നെയാണ് വിജി കാണുന്നത്. അതുകൊണ്ടു തന്നെ ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യുന്നുവെന്ന തോന്നല്‍ വിജിക്കില്ല.
"ബിബിസിയുടെ പട്ടികയില്‍ വന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ഇതൊന്നും പ്രതീക്ഷിച്ചോ ഇതിനൊന്നും വേണ്ടിയോ അല്ല ഇക്കാലമത്രയും നടത്തിയ പോരാട്ടങ്ങള്‍. എന്റെ ചുറ്റുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളൊക്കെ എന്റെ പ്രശ്‌നങ്ങളായി കണ്ടുതന്നെയാണ് ഇടപെട്ടിട്ടുള്ളത്. എല്ലാവരും മനുഷ്യരാണ്. ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. നമ്മുടെ നാട്ടില്‍ നിയമങ്ങളില്ലാത്ത കുഴപ്പമല്ല, അത് കൃത്യമായി നടപ്പിലാകാത്തതിന്റെ പ്രശ്‌നമാണ്. ഒരു സമരം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അത് ഉപേക്ഷിച്ച് പോകലല്ല, കൃത്യമായി ഫോളോ അപ്പ് നടത്തണം. ആവശ്യങ്ങളും വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒരോ പ്രവര്‍ത്തനങ്ങളും പോരാട്ടങ്ങളും ഇവിടെ അവസാനിക്കുന്നില്ല. തുടര്‍ന്നുകൊണ്ടേയിരിക്കും," ആത്മവിശ്വാസത്തോടെ, ഉറച്ച മനസോടെ വിജി പറയുന്നു.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റിന്റെ(സിഡിഎസ്) സെമിനാറില്‍ പങ്കെടുത്ത് ഇന്ന് തിരുവനന്തപുരത്ത് നിന്നും വിജി കോഴിക്കോട്ടെത്തിയിട്ടേ ഉള്ളൂ. സിഡിഎസിലും വിജി സംസാരിച്ചത് തൊഴിലാളികള്‍ക്കു വേണ്ടി തന്നെ.
"കുടുംബശ്രീയിലെ സ്ത്രീകളെല്ലാം 90 ശതമാനം തൊഴിലാളികളാണ്. അതും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍. അവരെ തൊഴിലാളികളായി അംഗീകരിക്കണം. അവരുടെ കണക്കുകള്‍ കൃത്യമായെടുത്ത്, ഏതെല്ലാം സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നന്വേഷിച്ച് വേണം ഇതു ചെയ്യാന്‍. കുടുംബശ്രീയുടെ കീഴിലുള്ള അയല്‍ക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തി ഇവരെ തൊഴിലാളികളായി അംഗീകരിക്കണം. കോഴിക്കോട്ടെ മുതലക്കുളത്ത് തന്നെ നോക്കിയാല്‍ എത്രയോ അലക്ക് തൊഴിലാളികള്‍ ഉണ്ട്. അവരുടെ ഒന്നും ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടുന്നില്ല എന്നത് സങ്കടകരമാണ്. മനുഷ്യരല്ലേ," വിജി ചോദിക്കുന്നു.
കോഴിക്കോട് മിഠായി തെരുവില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലൂടെയാണ് പെണ്‍കൂട്ട് ആദ്യമായി പൊതുജന ശ്രദ്ധയാകര്‍ഷിച്ചത്. ഈ സമരത്തിന്റെ ഫലമായാണ് കോഴിക്കോട് ഇ-ടോയ്‌ലറ്റുകള്‍ വന്നത്.
പിന്നീട് 2013 ല്‍ വീണ്ടും കോഴിക്കോട് കൂപ്പണ്‍മാള്‍ സമരവുമായി വിജിയും കൂട്ടരും രംഗത്തെത്തി. കൂപ്പണ്‍മാള്‍ പൂട്ടുന്നതിനെതിരായിരുന്നു സമരം. സമരത്തിന് ഫലം കണ്ടിട്ടേ അവർ പിന്മാറിയുള്ളൂ.
സെയില്‍സ് ഗേള്‍സിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടി നയിച്ച സമരത്തിലൂടെയാണ് വിജിയെ ബിബിസി കണ്ടെത്തുന്നത്. ജോലി സമയങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനുള്‍പ്പെടെ നടത്തിയ പോരാട്ടങ്ങളാണ് ലോകത്തിന് പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളായി ബി ബി സി വിലയിരുത്തിയത്. ഇവരുടെ സമരത്തിന്റെ അനന്തര ഫലമായി അവകാശം നിഷേധിക്കപ്പെട്ട ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ ഇരിക്കാൻ സൗകര്യം ഏർപ്പെടുത്തുന്ന നിയമഭേദ​​ഗതിക്ക് സർക്കാർ അം​ഗീകാരം നൽകി. ഷോപ്സ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലാണ് സർക്കാർ ഭേദ​ഗതി വരുത്തിയത്.
വിജി ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും മൂന്ന് സ്ത്രീകളാണ് പട്ടികയില്‍ ഇടം നേടിയത്. അറുപതില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഈ പട്ടികയില്‍ ഉണ്ട്.
കൊല്‍ക്കത്തയിലെ സുന്ദര്‍ബന്‍സ് തുരുത്തില്‍ ഇഷ്ടികകള്‍ ഉപയോഗിച്ച് റോഡുണ്ടാക്കാന്‍ മറ്റുള്ള സ്ത്രീകള്‍ക്കൊപ്പം മുന്നിട്ടിറങ്ങിയ മീന ഗയെന്‍ എന്ന വ്യവസായിയാണ് ബിബിസിയുടെ പട്ടികയിലെ മറ്റൊരു ഇന്ത്യക്കാരി. 33ാം സ്ഥാനമാണ് മീന സ്വന്തമാക്കിയത്.
മഹാരാഷ്ട്രയുടെ 'വിത്തമ്മ'(സീഡ് മദര്‍) എന്നറിയപ്പെടുന്ന റാഹിബായ് സോമ പൊപ്പേരെയാണ് മൂന്നാമത്തെ ഇന്ത്യക്കാരി. 76ാം സ്ഥാനത്താണ് പൊപ്പേരെ. നാടന്‍ വിത്തുകളുടെ സംരക്ഷിച്ച് കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് പൊപ്പേര ഈ നേട്ടം കൈവരിച്ചത്.
പട്ടികയില്‍ ഒന്നാമതായി ഇടംനേടിയത് നൈജീരിയയിലെ സോഷ്യല്‍ ഇംപാക്ട് എന്റര്‍പ്രട്നറായ അബിസോയെ അജായി-അകിന്‍ഫോളാറിനാണ്. വെബ്സൈറ്റുകളുടെ കോഡിങ്, ഡിസൈനിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങൾപെണ്‍കുട്ടികളെ പഠിപ്പിക്കാനായി രൂപം കൊണ്ട ഗേള്‍സ് കോഡിങ് എന്ന എന്‍.ജി.ഒയുടെ സ്ഥാപകയാണ് അബിസോയെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.