കൊച്ചി: കൊച്ചു ചായക്കടയില്‍നിന്നുള്ള വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസായിരുന്നു. 14 വര്‍ഷം കൊണ്ട് വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് 26 രാജ്യങ്ങളാണ് സഞ്ചരിച്ചത്.
ചരിത്രം ഉറങ്ങുന്ന ഈജിപ്തിലേക്കായിരുന്നു വിജയന്റേയും മോഹനയുടേയും ആദ്യ യാത്ര. അവസാനം പോയത് റഷ്യയിലേക്കാണ്. അടുത്തിടെ നടന്ന റഷ്യൻ യാത്രയ്ക്കു മുന്നോടിയായി ഇരുവരെയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചിരുന്നു.

‘ശ്രീ ബാലാജി കോഫി ഹൗസ്’ എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽ നിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു ഇരുവരുടെയും ലോകയാത്രകൾ. ചായക്കടയുടെ ചുമരുകള്‍ നിറയെ ഇരുവരുടെയും യാത്രയുടെ ചിത്രങ്ങളാണ്.