തിരുവനന്തപുരം: ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുട്ടികളാണ് വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭം കുറിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്ഥാനത്ത് ചടങ്ങുകൾ നടക്കുന്നത്. പലയിടങ്ങളിലും ചടങ്ങുകൾക്കായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വീടുകളിലും ഇത്തവണ ചടങ്ങുകൾ നടക്കും.
തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ തന്നെ ചടങ്ങുകൾ ആരംഭിച്ചു. കോവിഡിനെ തുടർന്ന് തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങുകളില്ല.
ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ. ആപ്പ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങിൽ പങ്കെടുക്കാൻ കഴിയുക. കോവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കൾ തന്നെയാണ് എഴുത്തിനിരുത്തുക. ആചാര്യൻമാർ ആവശ്യമായ നിർദേശങ്ങൾ നൽകും.
തിരുവനന്തപുരത്തെ പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാൽ ക്ഷേത്രം, എറണാകുളം, ചോറ്റാനിക്കര ദേവിക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രം എന്നവിടങ്ങളിൽ എഴുത്തിരുത്തിനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്.
Also Read: ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്