കൊച്ചി: ദുബായിൽ ഒളിവിൽ കഴിഞ്ഞപ്പോൾ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്തതായി അതിജീവിത. പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചുവെന്നും അതിജീവിത പറഞ്ഞു. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിപറയാൻ ഇരിക്കെയാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ.
പരാതിയുമായി മുന്നോട്ട് പോകരുതെന്ന് പല തവണ വിജയ് ബാബു കെഞ്ചിയിട്ടുണ്ട്. എന്ത് ഡീലിനും തയ്യാറാണെന്ന് പറഞ്ഞിരുന്നു. പൈസ വാങ്ങി വേണമെങ്കിൽ തനിക്ക് പരാതി നൽകാതിരിക്കാമായിരുന്നു. അതല്ല ഞാൻ ചെയ്തത്. അതിനാണ് താൻ കല്ലേറ് വാങ്ങുന്നതെന്നും അതിജീവിത പറഞ്ഞു. ഞാനല്ല തെറ്റുകാരി എന്ന് ഉത്തമബോധ്യമുള്ളതിനാലാണ് പരാതി നൽകിയത്. ഇതുപോലെ മറ്റു സ്ത്രീകളും ചൂഷണത്തിന് ഇരയായിട്ടുണ്ടാവില്ലേ എന്നോർത്താണ് പരാതി നൽകിയതെന്നും അവർ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ.
താൻ കാശ് ചോദിച്ചെന്ന് പറയുന്നതൊക്കെ വ്യാജമാണ്. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും തമ്മിൽ ഉണ്ടായിട്ടില്ല. കാശ് വാങ്ങാനാണെങ്കിൽ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. വിജയ് ബാബു നിർമ്മാതാവായ സിനിമയില്‍ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്. ഒരു പുതുമുഖമായതുകൊണ്ടാണ് ഇത്തരത്തിലുള്ള നീതിനിഷേധം ഉണ്ടായതെന്നും അതിജീവിത പറഞ്ഞു.
വലിയ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോയത്. സോഷ്യൽ മീഡിയകളിൽ എല്ലാം നിരവധി അശ്ലീല വ്യക്തിഹത്യാ മെസ്സേജുകള്‍ വന്നു. അപ്പോൾ ഒന്ന് പകച്ചുപോയി. വീട്ടുകാരും ആകെ തകർന്നുപോയി. പലരും സിനിമയിലേക്ക് വിട്ടതിന് വീട്ടുകാരെ കുറ്റപ്പെടുത്തി അന്നത്തെ സംഘർഷങ്ങൾ ആർക്കും മനസിലാവില്ലെന്നും അവർ പറഞ്ഞു.
നേരത്തെ വിജയ് ബാബു തന്നെ ഭീഷണിപ്പെടുത്തിയെന്ന് അതിജീവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വാട്സാപ്പ് സന്ദേശങ്ങളും മറ്റും പുറത്തുവിടുമെന്ന് വീട്ടുകാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സിനിമയിൽ അവസരങ്ങൾ തടഞ്ഞെന്നും നടി ബോധിപ്പിച്ചു.
വിദേശത്ത് ഒളിവിലിരുന്നപ്പോഴും ഭീഷണി തുടർന്നെന്നും അതിജീവിത പറഞ്ഞിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടെതെന്ന പ്രതിയുടെ വാദം കളവാണന്നും സംരക്ഷകനായി ചമഞ്ഞ് ചൂഷണം ചെയ്തെന്നുമാണ് കോടതിയിൽ പറഞ്ഞത്.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Also Read: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; യുദ്ധക്കളമായി സെക്രട്ടറിയേറ്റ്