കൊച്ചി: നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് അറസറ്റില്നിന്ന് ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. രണ്ടു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്പില് ഹാജരാകണമെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇമിഗ്രേഷന്‍ ബ്യൂറോയും പൊലീസും അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഉത്തരവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. വ്യാഴാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും ജസ്ററ്റിസ് ബച്ചു കുര്യന് തോമസ് ഉത്തരവില്‍ വ്യക്തമാക്കി.
ബുധനാഴ്ച തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തുന്ന എമിറേറ്റ്സ് വിമാനത്തിലെത്തുമെന്നാണ് അറിയിച്ചത്. വിമാന ടിക്കറ്റിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്യുമെന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന് ബോധിപ്പിച്ചു.
ആള് സ്ഥലത്തില്ലാത്തതു കൊണ്ട് കേസ് മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ കോടതി, വിജയ് ബാബു നാട്ടില്‍ വരുന്നത് നല്ലതല്ലേയെന്നു പ്രോസിക്യൂഷനോട് ചോദിച്ചു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കുകന്നതിനല്ലേ പൊലീസ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അയാള്‍ പുറത്തുനിന്നാല്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും കോടതി ചോദിച്ചു.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷൻ ഹർജി നാളത്തേക്ക് മാറ്റി
വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നല്ലേ പൊലീസ് പറഞ്ഞത്? ഒന്നര മാസമായിട്ടും നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ആരെ കാണിക്കാനാണ് ഈ നാടകം? മീഡിയ യെ കാണിക്കാന്‍ ആണോ? വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത് എന്തിനാണ്? ഇരയെ സഹായിക്കുകയാണ് ഉദ്ദേശമെങ്കില്‍ അയാല്‍ വരട്ടെ എന്നല്ലേ വിചാരിക്കേണ്ടത്. എത്ര പേര് വിദേശത്ത് പോയി മുങ്ങി നടക്കുന്നു. ലോകത്ത് ചില ദ്വീപുകളില്‍ താമസം ആക്കാന്‍ ഇന്ത്യന്‍ വിസയോ പാസ്പോര്‍ട്ട് ഒന്നും വേണ്ടെന്നത് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.
വിജയ് ബാബുവിന്റെ ഉദ്ദേശശുദ്ധി നിര്വ്യാജമാണോയെന്നാണ് നോക്കേണ്ടത്. അതിന് അയാള്‍ തിരിച്ചെത്തുമോയെന്നാണ് ആദ്യം അറിണ്ടേത്. വിജയ് ബാബുവിന്റെ ഉദ്ദേശ്യം നിര്വ്യാജമായതാണെങ്കില് അയാള്‍ വരികയും കേസുമായി സഹകരിക്കുകയും ചെയ്യും. അതല്ലേ ഇരയ്ക്കും വേണ്ടത്. അല്ലാതെ അയാള്‍ നാട്ടില്‍ വരുന്നതിനെ എതിര്‍ക്കണം? അയാള്‍ നിയമത്തിനു വിധേയനാകാനല്ലേ ശ്രമിക്കുന്നത്? അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവുമായി ഒത്തു കളിക്കുകയാണോയെന്നു പോലും സംശയിച്ചുപോകും.
ഏതൊരു സാധാരണക്കാരനെയും പോലെയാണു കോടതിക്കു വിജയ് ബാബുവും. അയാള്‍ ചിലര്‍ക്ക് സെലിബ്രിറ്റിയായിരിക്കും. അയാള്‍ക്കു കോടതിയുടെ സംരക്ഷണം ലഭിക്കാനുള്ള അവകാശമുണ്ട്. കുറ്റക്കാരനാണെന്നു തെളിയുന്നതു വരെ വിജയ് ബാബു നിരപരാധിയാണ്. വാട്ട്സ്ആപ്പ് ചാറ്റുകളൊക്കെ പ്രോസിക്യൂഷന് നോക്കിയിരുന്നോയെന്നു ചോദിച്ച കോടതി, അതേക്കുറിച്ച് ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും കേസ് മെറിറ്റില്‍ കേള്‍ക്കുമ്പോള്‍ നോക്കാമെന്നും പറഞ്ഞു.
Also Read: തൃക്കാക്കരയിൽ 50 കടന്ന് പോളിങ്; കള്ളവോട്ട് ചെയ്ത ഒരാൾ പിടിയിൽ
ചോദ്യം ചെയ്യലിനുശേഷം മാത്രമേ നിയമപരമായി അറസ്റ്റ് പാടുള്ളൂ. പക്ഷേ കമ്മിഷണര്‍ പറയുന്നത്, ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ കടുംപിടുത്തം കേസിനു ദോഷം ചെയ്യും.
നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ പറ്റില്ലെന്നു തെറ്റാണ്. പൊലീസിന്റെ വിശ്വാസങ്ങളെ സംരക്ഷിക്കാനല്ല കോടതി. വ്യക്തികളുടെ പൗരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.