തിരുവനന്തപുരം: എറണാകുളത്ത് പെരുമ്പാവൂരിൽ മൃഗീയമായ രീതിയിൽ കൊലചെയ്യപ്പെട്ട ജിഷയുടെ മരണത്തിൽ വിജിലൻസും പൊലീസും കൊമ്പുകോർത്തു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെ എതിർത്ത് ഡിജിപി ലോക്‌നാഥ് ബെഹ്റ നിലപാടെടുത്തതോടെ സർക്കാർ പ്രതിരോധത്തിലാവുകയായിരുന്നു.

ആകെ പതിനാറ് പേജുള്ള റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചിരിിക്കുന്നത്. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കൈമാറിയ റിപ്പോർട്ടിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സംശയം രേഖപ്പെടുത്തുന്നുണ്ട്. “എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ മുൻവിധിയോടെയാണ്” പൊലീസ് അന്വേഷണം മുന്നോട്ട് പോയതെന്നാണ് വിജിലൻസിന്റെ കുറ്റപ്പെടുത്തൽ.

അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലായിരുന്നു വിജിലൻസ് കേസ് പരിശോധിച്ചത്. എന്നാൽ കേസിലെ വിജിലൻസിന്റെ ഇടപെടൽ അനാവശ്യമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കുറ്റപ്പെടുത്തിയിരുന്നു. ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് അദ്ദേഹം നേരത്തേ മുഖ്യമന്ത്രിയോട് പരാതിപ്പെടുകയും ചെയ്തു.

“ഒന്നിലധികം പേർ കൃത്യത്തിൽ പങ്കാളിയായിരുന്നുവെന്ന്” വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിക്കുന്നു. “ഈ റിപ്പോർട്ടുമായി മുന്നോട്ട് പോയാൽ കോടതിയിൽ തോൽക്കും” എന്ന് റിപ്പോർട്ടിൽ പറയുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. കേസിന്റെ രഹസ്യവിചാരണ ആരംഭിക്കാനിരിക്കെ പ്രതിഭാഗത്തിന് ഏറെ സഹായകരമാകുന്നതാണ് വിജിലൻസിന്റെ കണ്ടെത്തലെന്ന് കരുതുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സർക്കാരിനെ ടി.പി.സെൻകുമാറിന്റെ സ്ഥാനമാറ്റ കേസിലും പ്രതികൂലമായി ബാധിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ