തിരുവനന്തപുരം: ജേക്കബ് തോമസ് അവധി നീട്ടി. വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ് അവധി ഒരു മാസത്തേക്ക് കൂടിയാണ് നീട്ടിയത്.അവധി അപേക്ഷ ജേക്കബ് തോമസ് സർക്കിരിന് കൈമാറി.
കോടതിയുടെ തുടർച്ചയായ വിമർശനത്തെ തുടർന്നാണ് അവധിയിൽ പ്രവേശിച്ചത്. ജേക്കബ് തോമസിന്റെ അവധി ഇന്ന് തീരാനിരിക്കെയാണ് അവധി നീട്ടിയത്. ടി.പി.സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കേണ്ട സാഹചര്യത്തിൽ നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്റ, അവധി കഴിഞ്ഞ് തിരികെയെത്തുന്ന ജേക്കബ് തോമസ് എന്നിവർക്ക് ഏത് സ്ഥാനം നൽകുമെന്ന ആശയകുഴപ്പമാണ് സർക്കാരിനെ അലട്ടുന്നത്.

മുൻമന്ത്രി കെഎം മാണിക്കെതിരെ അടക്കം വിജിലൻസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ തുടർച്ചയായി കോടതിയിൽ നിന്ന് രൂക്ഷ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ഒരു മാസത്തെ അവധിയിൽ ജേക്കബ് തോമസ് പ്രവേശിച്ചത്. ഇദ്ദേഹത്തിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ നടപടിയെടുക്കാതിരിക്കുന്നതിനെയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ സംരക്ഷണത്തിലായിരുന്ന ജേക്കബ് തോമസിനോട് ഇദ്ദേഹം തന്നെയാണ് അവധിയിൽ പ്രവേശിക്കണമെന്ന് പറഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ട്. അവധിയിൽ പ്രവേശിച്ചപ്പോൾ ജേക്കബ് തോമസ് തിരികെ വരില്ലെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയിരുന്നു.

“ഒരു സർക്കാർ ജീവനക്കാരനാണ് ജേക്കബ് തോമസ്. അദ്ദേഹം ഒരു മാസത്തെ അവധിയിലാണ് പ്രവേശിച്ചത്. അത് കഴിയുമ്പോൾ അദ്ദേഹം തിരിച്ച് വന്നല്ലേ പറ്റൂ” എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് വിജിലൻസിന്റെ ചുമതല നൽകിയത്.

ടിപി സെൻകുമാറിന് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് വന്ന സാഹചര്യത്തിലാണ് സർക്കാർ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നിയമന കാര്യത്തിൽ അക്ഷരാർത്ഥത്തിൽ വെട്ടിലായത്. ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആയി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുമ്പോൾ നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റുമെന്നാണ് കരുതിയിരുന്നത്.

എന്നാൽ ജേക്കബ് തോമസ് അവധി കഴിഞ്ഞ് തിരികെയെത്തുമ്പോൾ അദ്ദേഹത്തിന് വിജിലൻസ് ഡയറക്ടർ സ്ഥാനം നൽകുമോയെന്നതാണ് ഉയരുന്ന സംശയം. ഇപ്പോഴത്തെ സാഹചര്യത്തിൽ ജേക്കബ് തോമസിനോട്് അവധി നീട്ടാൻ സർക്കാർ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ