തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽകോളേജ് അഴിമതിയെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മുൻകൗൺസിലറുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജി മൊഴി നൽകിയിരിക്കുന്നത്.
പണം നൽകിയതായി ആർ.ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെൽ കൺവീനർ ആർ.എസ്.വിനോദും തെളിവെടുപ്പിൽ സമ്മതിച്ചിട്ടുണ്ട്. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്. ഈ അന്വേഷണ റിപ്പോർട്ടാണ് ചോർന്നത്.