കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയിൽ. അഴിമതിനിരോധന നിയമപ്രകാരം ഇബ്രാഹിം കുഞ്ഞിനെതിരേ അന്വേഷണത്തിന് സർക്കാറിന്റെ അനുമതി ലഭിക്കാത്തതാണ് അന്വേഷണം വഴിമുട്ടാൻ കാരണം. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകൂ.
ഒക്ടോബർ 22നാണ് മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന അനുമതി തേടി വിജിലൻസ് സംഘം ആഭ്യന്തര വകുപ്പിന് കത്തയച്ചത്. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ജനപ്രതിനിധിയായതിനാലാണ് മുൻകൂർ അനുമതി തേടിയത്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിജിലൻസ് ഡയറക്ടറുടെ വിശദീകരണം തേടിയിരുന്നു.
ഇബ്രാഹിം കുഞ്ഞിനു ചുമതലയുള്ള സ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് നോട്ട് നിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ പണം നിക്ഷേപിച്ചെന്നും കണക്കിൽപ്പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. കളമശേരി സ്വദേശിയും പൊതു പ്രവർത്തകനുമായ ഗിരീഷ് ബാബുവാണ് ഹർജി സമർപ്പിച്ചത്.
ബാങ്കിൽ പണം നിക്ഷേപിച്ച സമയം പ്രധാനമാണന്നും 2016 ഒക്ടോബർ അവസാനം പാലം പണി പൂർത്തിയായെന്നും നവംബർ 15 നാണ് ബാങ്കിൽ പണം നിക്ഷേപിച്ചതെന്നും കണക്കിൽപ്പെടാത്ത പണത്തിന് ആദായനികുതി വകുപ്പ് രണ്ടരക്കോടി രൂപ പിഴ ഈടാക്കിയെന്നും ഹർജയിൽ പറയുന്നു.